എസ്.എം.എ ബാധിതയായ ബാലികക്ക് ഭരണാധികാരിയുടെ കാരുണ്യസ്പർശം
text_fieldsയഖീൻ ഇബ്രാഹിം കങ്കർ
എസ്.എം.എ ബാധിതയായ സിറിയൻ ബാലികയുടെ ചികിൽസാ ചെലവുകൾ ഏറ്റെടുത്ത് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം. ചികിൽസക്കായി 70 ലക്ഷം ദിർഹം സ്വരൂപിക്കാൻ ശ്രമങ്ങൾ പുരോഗിക്കുന്നതിനിടെയാണ് ഭരണാധികാരിയുടെ ഇടപെടൽ. യഖീൻ ഇബ്രാഹിം കങ്കർ എന്ന ബാലികയുടെ കുടുംബമാണ് കുഞ്ഞിന്റെ ചികിൽസക്കായി പണം കണ്ടെത്താൻ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ ശ്രമം ആരംഭിച്ചത്. അന്താരാഷ്ട്ര ചാരിറ്റി സംഘടനയുടെ സഹകരണത്തോടെ സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവരോഗത്തിന്റെ ചികിൽസക്ക് 70 ലക്ഷം ദിർഹം സമാഹരിക്കാനായിരുന്നു ഇവരുടെ ശ്രമം. കുട്ടിയുടെ അമ്മാവൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് യു.എ.ഇയിലുള്ളവരോടാണ് അഭ്യർഥന നടത്തിയത്.
വീഡിയോയോട് പൊടുന്നനെ പ്രതികരിച്ചത് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമായിരുന്നു. കുട്ടിയുടെ പിതാവിനെ വിളിച്ച് ചികിൽസയുടെ ചെലവ് പൂർണമായും താൻ ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. ഷാർജയിലാണ് കങ്കറും കുടുംബവും താമസിക്കുന്നത്. അടിയന്തരമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഒരു മാസം മാത്രമേ കുഞ്ഞ് ജീവിച്ചിരിക്കുകയുള്ളൂവെന്നാണ് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നത്. ഇബ്രാഹിം കങ്കറിന്റെ ഏക മകളാണിത്. ഭീമമായ ചികിത്സ ചെലവ് കണ്ടെത്താനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇബ്രാഹിം കങ്കർ പറഞ്ഞു.ശൈഖ് മുഹമ്മദിന്റെ കാരുണ്യത്തിൽ തന്റെ മകൾ ഇനിയും ജീവിക്കുമെന്ന് അറിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലെ അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങൾക്ക് ചികിൽസ നൽകുന്നുണ്ട്. മുമ്പും ശൈഖ് മുഹമ്മദ് ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ചികിൽസാ ചെലവ് ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

