ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ശൈഖ് മുഹമ്മദ്
text_fieldsഖത്തറിൽ ജി.സി.സി ഉച്ചകോടിക്ക് എത്തിയ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സ്വീകരിക്കുന്നു
ദുബൈ: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഖത്തർ തലസ്ഥാനമായ ദോഹയിൽ 44ാമത് ജി.സി.സി ഉച്ചകോടയിൽ സംസാരിക്കവെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗസ്സയിലെ സിവിലിയൻമാരെ സഹായിക്കാൻ മാനുഷിക ഇടനാഴികൾ നിലനിർത്തേണ്ടതുണ്ട്.
പ്രദേശത്തെ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ യു.എ.ഇ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കും. പ്രാദേശിക സ്ഥിരതക്കും സുരക്ഷക്കും ഭീഷണിയാവുന്ന സംഘർഷത്തിന്റെ വ്യാപനം ഒഴിവാക്കാനും സമഗ്രമായ സമാധാനത്തിനും വേണ്ടിയാണ് യു.എ.ഇ പ്രവർത്തിക്കുന്നത്. ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും സമഗ്രവുമായ പരിഹാരം കാണാതെ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ കഴിയില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
തടവുകാരെ മോചിപ്പിക്കാനും ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനും വേണ്ടി താൽക്കാലിക ഉടമ്പടിയിലെത്താൻ ഈജിപ്തിനും യു.എസിനുമൊപ്പം പരിശ്രമിക്കുന്ന ഖത്തറിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഉച്ചകോടിക്കായി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശൈഖ് മുഹമ്മദിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സ്വീകരിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ്, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് എന്നിവരും ഉച്ചകോടിയിലെ യു.എ.ഇ പ്രതിനിധി സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

