ശൈഖ് മുഹമ്മദ് ബിൻ റാശിദിന് ലോക സിൽക്ക് റോഡ് ഫോറം സാഹിത്യപുരസ്കാരം
text_fieldsദുബൈ: പ്രചോദനാത്മക സാഹിത്യ വ്യക്തിത്വം എന്നനിലയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ സാഹിത്യപുരസ്കാര ജേതാവായി തിരഞ്ഞെടുത്തതായി വേൾഡ് സിൽക്ക് റോഡ് ഫോറം പ്രഖ്യാപിച്ചു. ദുബൈയെ ഒരു സാംസ്കാരിക കേന്ദ്രമായും കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ ബന്ധപ്പെടുത്തുന്ന കണ്ണിയായും മാറ്റിയ അസാധാരണ കാഴ്ചപ്പാടിനുള്ള അംഗീകാരമായാണ് പുരസ്കാരം.
മേയ് 23 മുതൽ 29 വരെ ദുബൈയിൽ നടക്കുന്ന സിൽക്ക് റോഡ് ഇന്റർനാഷനൽ കവിത ഉത്സവത്തിന്റെ അഞ്ചാമത് പതിപ്പിന്റെ പശ്ചാത്തലത്തിലാണ് അവാർഡ് പ്രഖ്യാപനം. മേയ് 27ന് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ ഫെസ്റ്റിവലിന്റെ അവാർഡ് ദാന ചടങ്ങ് നടക്കും. സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി യു.എ.ഇ മാറിയതിനാലാണ് പരിപാടിയുടെ വേദിയായി ദുബൈയെ തിരഞ്ഞെടുത്തതെന്ന് വേൾഡ് സിൽക്ക് റോഡ് ഫോറത്തിലെ കവിത സമിതിയുടെ ചെയർമാനായ പ്രഫസർ വാങ് ഫാങ്വെൻ പറഞ്ഞു.
50ഓളം കവികളും കലാകാരന്മാരും ചിത്രകാരന്മാരും പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി ദുബൈയിലെയും യു.എ.ഇയിലെയും സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്യും. ചൈനയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ പീപ്ൾസ് ഡെയ്ലി ഉൾപ്പെടെ 20 ചൈനീസ് പ്രസ് ഏജൻസികളാണ് പരിപാടിക്ക് മാധ്യമ കവറേജ് നൽകുന്നത്.യു.എസിൽ നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്വതന്ത്ര, സർക്കാറിതര സംഘടനയാണ് വേൾഡ് സിൽക്ക് റോഡ് ഫോറം.
ന്യൂയോർക്കിലെ ചൈനയുടെ കോൺസുലേറ്റ് ജനറലും ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര പരിപാടികളും സമ്മേളനങ്ങളും ഫോറം സംഘടിപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടന, ലോക ഇന്റർനെറ്റ് സമ്മേളനം, യുനെസ്കോ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

