നവംബർ മൂന്നിന് ദേശീയ പതാക ഉയർത്താൻ ആഹ്വാനവുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ്
text_fieldsദുബൈ: വരാനിരിക്കുന്ന ദേശീയ പതാക ദിനാഘോഷത്തിന്‍റെ ഭാഗമായി നവംബർ മൂന്നിന് യു.എ.ഇയിലുടനീളം ദേശീയ പതാക വാനോളം ഉയർത്താൻ ആഹ്വാനം ചെയ്ത് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൂറും പ്രകടമാക്കുന്ന ഈ ദേശീയ ദിനം വൻ ആഘോഷമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
യു.എ.ഇയിലെ മുഴുവൻ പൗരന്മാരോടും പ്രവാസികളോടും ഒപ്പം മന്ത്രാലയങ്ങൾ, മറ്റ് സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവ്വകലാശാലകൾ, വീടുകൾ എന്നിവടങ്ങളിലെല്ലാം നവംബർ മൂന്നിന് ഒരേ മനസ്സോടെ പതാക ഉയർത്താൻ അദ്ദേഹം തന്‍റെ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ‘നമ്മുടെ രാജ്യത്തിന്‍റെ ആകാശത്ത് അഭിമാനത്തോടെയും ഗാംഭീര്യത്തോടെയും ദേശീയ പതാക പാറിപ്പറക്കണം. രാജ്യത്തിന്‍റെയും ജനങ്ങളുടെയും പ്രതീകമായ ഈ പതാകക്ക് മുന്നിൽ എല്ലാവരും ഒന്നിച്ച് നിൽക്കുന്ന നിമിഷമാണിതെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. ദേശീയ പതാകയുടെ ഉന്നതിക്കും രാജ്യത്തിന്‍റെ അഭിമാനത്തിനുമായി ജീവനും രക്തവും അർപ്പിക്കാൻ സന്നദ്ധരാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ‘രാജ്യം വാഴട്ടെ, പതാക ഉയർന്നു പറക്കട്ടെ’ എന്ന സന്ദേശത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.

