അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്ത് ശൈഖ് മുഹമ്മദ്
text_fieldsഅറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ശൈഖ് മുഹമ്മദ്
ദുബൈ: 33ാമത് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബഹ്റൈനിലെത്തി.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും ഇദ്ദേഹത്തെ അനുഗമിച്ചു. ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി തലസ്ഥാനമായ മനാമയിലെ ചരിത്രപ്രധാനമായ അൽ സാഖിർ കൊട്ടാരത്തിൽ വെച്ചാണ് നടക്കുന്നത്.
രാഷ്ട്ര നേതാക്കളെ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം രാഷ്ട്ര നേതാക്കളെ കൊട്ടാരത്തിലേക്ക് അനുഗമിച്ചു.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ വ്യോമയാന അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, മന്ത്രിസഭ കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖർഗാവി, സഹമന്ത്രി ഖലീഫ ബിൻ ഷഹീൻ അൽ മറാർ, ബഹ്റൈനിലെ യു.എ.ഇ അംബാസഡർ ഫഹദ് മുഹമ്മദ് സലിം ബിൻ കർദൂസ് അൽ അമീരി എന്നിവരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.

