470കോടിയുടെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
text_fieldsഎം.ബി.ആർ എൻഡോവ്മെന്റ് ജില്ല പദ്ധതിയുടെ രൂപരേഖ പരിശോധിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: 470കോടി ദിർഹം മൂല്യമുള്ള വൻ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
എം.ബി.ആർ എൻഡോവ്മെന്റ് ജില്ലയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള വിദ്യഭ്യാസ, ആരോഗ്യ പദ്ധതികളെ സഹായിക്കുന്നതിന് ഇവിടെ നിന്നുള്ള വരുമാനം ഉപയോഗിക്കുകയാണ് ലക്ഷ്യമിടുന്നത്. വർഷത്തിൽ 90,000രോഗികളെ ഉൾകൊള്ളാൻ ശേഷിയുള്ള ആശുപത്രി പദ്ധതിയിൽ ഉൾപ്പെടും. അതോടൊപ്പം 5000വിദ്യാർഥികൾ ഉൾകൊള്ളുന്ന മെഡിക്കൽ യൂനിവേഴ്സിറ്റി, 2000ഹൗസിങ് യൂനിറ്റുകൾ ഉൾകൊള്ളുന്ന താമസ കെട്ടിടങ്ങൾ, ബോളീവാഡ്, റീടെയ്ൽ ഔട്ലെറ്റുകൾ എന്നിവയും സജ്ജീകരിക്കും.
എക്സ് അക്കൗണ്ട് വഴി പദ്ധതി ശൈഖ് മുഹമ്മാണ് വെളിപ്പെടുത്തിയത്. വിവിധ ലോക രാജ്യങ്ങളിൽ നിരവധി ജീവകാരുണ്യ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന മനുഷ്യസ്നേഹികൾക്കും സംഭാവനകൾ നൽകുന്നവർക്കും അദ്ദേഹം നന്ദിയറിയിച്ചു. ഔദാര്യത്തിന്റെയും ദാനത്തിന്റെയും രാജ്യത്ത് നന്മക്കായി പരിശ്രമിക്കുകയും അതിന്റെ തുടർച്ച ഉറപ്പാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞങ്ങളുടെ നന്ദി -അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം രാജ്യത്ത് സന്നദ്ധ സംഘടനകളെ പിന്തുണക്കുന്നതിനായി 10 കോടി ദിർഹമിന്‍റെ പദ്ധതി ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. സന്നദ്ധപ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും വർധിപ്പിക്കുന്നതിനായുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ എണ്ണം 30 ശതമാനമായി ഉയർത്തുമെന്നും ഇതിനായി രാജ്യത്തെ സന്നദ്ധപ്രവർത്തകരുടെ എണ്ണം ആറ് ലക്ഷമായി വർധിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

