100കോടിയുടെ റമദാൻ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദുരിതത്തിലായ ലോകമെമ്പാടുമുള്ള അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സഹായമെത്തിക്കാൻ 100കോടി ദിർഹമിന്‍റെ റമദാൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ‘11.5: ഹദ്ദ് അൽ ഹയാത്ത്’ എന്ന പേരിട്ട സംരംഭത്തിലൂടെ 50ലക്ഷം കുട്ടികൾക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രദേശികമായും അന്തരാഷ്ട്ര തലത്തിലുമായി റമദാനിൽ 100കോടി ദിർഹം സമാഹരിക്കും.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്‍റെ കീഴിൽ ലോകത്തെ മുൻനിര കൂട്ടായ്മകളുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പിലാക്കുന്നത്. ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഫൗണ്ടേഷൻ, സേവ് ദ ചിൽഡ്രൻ, യൂനിസെഫ്, ആക്ഷൻ എഗെയ്ൻസ്റ്റ് ഹംഗർ എന്നിവയുമായി പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ഏറ്റവും അശരണരായ 50ലക്ഷം കുട്ടികൾക്ക് അടിയന്തിര പോഷകാഹാരം ലഭ്യമാക്കുകയും ജീവൻ രക്ഷിക്കാനുള്ള ഇടപെടൽ നടത്തുകയുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അനുഗ്രഹീതമായ ഒരു മാസത്തെ നാം സ്വാഗതം ചെയ്യുകയാണ്. യു.എ.ഇയിലെ ജനങ്ങളിൽ നിന്ന് ലോകത്തിനായി എല്ലാവർഷവും മാനുഷികമായ റമദാൻ കാമ്പയിൻ ആരംഭിക്കുന്ന പതിവിന്റെ ഭാഗമായി ‘ഹദ്ദ് അൽ ഹയാത്ത്’ കാമ്പയിൻ ആരംഭിക്കുകയാണ് -ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടിൽ കുറിച്ചു. കഴിഞ്ഞ വർഷം ലോകമെമ്പാടുമായി 11.8 കോടിയിലധികം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിച്ചതായും അതിൽ 26 ലക്ഷം പേർ പട്ടിണി മൂലം മരിച്ചതായും ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു. ലോകത്തിന്റെ കൺമുന്നിൽ ഇത്തരമൊരു മാനുഷിക ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയും നിഷ്‌ക്രിയരായി തുടരുകയും ചെയ്യുന്നത് സ്വഭാവമോ മൂല്യമോ അല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘11.5’എന്നത് മധ്യ-മുകൾഭാഗത്തെ കൈ ചുറ്റളവാണ്. കുട്ടികളിലെ കടുത്ത പോഷകാഹാരക്കുറവ് നേരത്തേ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഒരു മെഡിക്കൽ അളവാണിത്. കാമ്പയ്ൻ വഴി ക്ലിനിക്കൽ അളവുകോലിനെ ആഗോള മാനുഷിക ആഹ്വാനമാക്കി മാറ്റുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിലും റമദാനിൽ വ്യത്യസ്ത കാമ്പയിനുകൾ ശൈഖ് മുഹമ്മദിന്‍റെ ആഹ്വാന പ്രകാരം നടന്നിരുന്നു. 2020 റമദാനിൽ 10 മില്യൺ മീൽസ് കാമ്പയ്ൻ, 2021ൽ 100 മില്യൺ മീൽസ് കാമ്പയ്ൻ, 2022ൽ 1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ് കാമ്പയ്ൻ, 2023ൽ 1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ് കാമ്പയ്ൻ, 2024ൽ 1 ബില്യൺ ദിർഹത്തിന്റെ മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയ്ൻ, 2025ൽ ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയ്‌ൻ എന്നിവയാണ് സംഘടിപ്പിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

