Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരത്തിലൊരു നഗരം

text_fields
bookmark_border
ദുബൈയിൽ 2.1 ട്രില്യൺ ദിർഹമിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ശൈഖ്​ മുഹമ്മദ് ബിൻ റാശിദ്
നഗരത്തിലൊരു നഗരം
cancel

ദുബൈ: ‘ഒരു നഗരത്തിനുള്ളിൽ മറ്റൊരു നഗരം നിർമിക്കുകയാണ് ദുബൈ’ എന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ സമാപിച്ച മുഹമ്മദ് ബിൻ റാശിദ് ലീഡർഷിപ്പ് ഫോറത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. ഭവനം, ഗതാഗതം, വ്യോമയാനം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളിലായി ദുബൈയിൽ ഏകദേശം 2.1 ട്രില്യൺ ദിർഹം മൂല്യമുള്ള പദ്ധതികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

‘നഗരത്തിനുള്ളിൽ മറ്റൊരു നഗരമാണ് ദുബൈ നിർമിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയിലെ വളർച്ച മുൻകൂട്ടി കണ്ട് ജനസംഖ്യയുടെയും ബിസിനസുകളുടെയും വർധനവിന് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ്. നഗരത്തിലെ ജനസംഖ്യ, ബിസിനസ്, സാമ്പത്തിക മേഖലകൾ എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ച ഉൾക്കൊള്ളാൻ നാളെയുടെ അടിസ്ഥാന സൗകര്യങ്ങളാണ് ഞങ്ങൾ ഇന്നുതന്നെ പടുത്തുയർത്തുന്നത്. മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും ആശയങ്ങളെ യാഥാർഥ്യമാക്കാനും പ്രാപ്തിയുള്ള മികച്ചൊരു നേതൃത്വ നിരയെ വാർത്തെടുക്കാനാണ് മുഹമ്മദ് ബിൻ റാശിദ് ലീഡർഷിപ്പ് ഫോറത്തിലൂടെ ദുബൈ ലക്ഷ്യമിടുന്നത്.’ - ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

നഗരത്തിന്‍റെ ദ്രുതഗതിയിലുള്ള വളർച്ച മുന്നിൽ കണ്ട് വിവിധ പ്രധാന മേഖലകളിലാണ് ഭീമമായ തുക വിനിയോഗിക്കുന്നത്. 2030ഓടെ പൂർത്തിയാകുന്ന റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി മാത്രം 1.1 ട്രില്യൺ ദിർഹമാണ് ദുബൈ വകയിരുത്തിയിരിക്കുന്നത്. വ്യോമയാന മേഖലയിൽ പ്രതിവർഷം 26 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനായി 12,800 കോടി ദിർഹവും, എമിറേറ്റ്സ്, ഫ്ലൈദുബൈ ഫ്ലീറ്റുകളുടെ വിപുലീകരണത്തിനായി 32,800 കോടി ദിർഹവും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, പുതിയ എഞ്ചിനീയറിങ് കോംപ്ലക്സിനായി 1870 കോടി ദിർഹവും ഇതിൽ ഉൾപ്പെടുന്നു.

ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ (ഡി.ഐ.എഫ്.സി) രണ്ടാം ഘട്ട വികസനത്തിന് 10,000 കോടി ദിർഹത്തിലേറെയും, റോഡ് നവീകരണത്തിനും ദുബൈ മെട്രോ ബ്ലൂ, ഗോൾഡ് ലൈനുകൾക്കുമായി 10,000 കോടി ദിർഹവും വകയിരുത്തിയിട്ടുണ്ട്. ദുബൈ എക്സിബിഷൻ സെന്‍റർ വിപുലീകരണത്തിന് 1000 കോടി ദിർഹവും, മഴവെള്ള ഡ്രെയിനേജ് പദ്ധതിയായ ‘തസ്രീഫിന്’ 3000 കോടി ദിർഹവും നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ, 8000 കോടി ദിർഹം ചെലവിൽ ദുബൈ സ്ട്രാറ്റജിക് സിവറേജ് ടണ്ണൽ സിസ്റ്റവും, 15,100 കോടി ദിർഹം ചെലവിൽ പുതിയ പവർ, വാട്ടർ ഗ്രിഡ് അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കുന്നുണ്ട്.

നഗരത്തിന്‍റെ വളർച്ചക്ക് അനുസൃതമായി ഏകദേശം 350,000 റെസിഡൻഷ്യൽ യൂനിറ്റുകൾ ഭവനമേഖലയിൽ നിർമിക്കും. വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം പ്രമുഖ നേതാക്കളും വിദഗ്ധരുമാണ് മുഹമ്മദ് ബിൻ റാശിദ് ലീഡർഷിപ്പ് ഫോറത്തിൽ പങ്കെടുത്തത്. മികച്ച നേതൃത്വ മാതൃകകൾ പങ്കുവെക്കാനും സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Mohammed Announces 2.1 Trillion Dirham Projects
Next Story