സന്നദ്ധ സംഘടനകളെ പിന്തുണക്കാൻ ബൃഹദ് പദ്ധതി; 10 കോടി ദിർഹം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
text_fieldsഅബൂദബി ഖസർ അൽ വതൻ കൊട്ടാരത്തിൽ നടന്ന പദ്ധതി പ്രഖ്യാപന ചടങ്ങ്
ദുബൈ: രാജ്യത്ത് സന്നദ്ധ സംഘടനകളെ പിന്തുണക്കുന്നതിനായി 10 കോടി ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
സന്നദ്ധപ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും വർധിപ്പിക്കുന്നതിനായുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ എണ്ണം 30 ശതമാനമായി ഉയർത്തും. ഇതിനായി രാജ്യത്തെ സന്നദ്ധപ്രവർത്തകരുടെ എണ്ണം ആറ് ലക്ഷമായി വർധിപ്പിക്കും. പുതുതായി 10,000 തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
അബൂദബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമെന്ന് മീഡിയ ഓഫിസ് റിപ്പോർട്ട് ചെയ്തു. സന്നദ്ധ പ്രവർത്തനങ്ങൾ എളുപ്പമാക്കുക, സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുക, ദേശീയ സ്വത്വവുമായി ദാനങ്ങളെ സംയോജിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പുരോഗതിയുടെയും സമൃദ്ധിയുടെയും നാടാണ് യു.എ.ഇ. അതോടൊപ്പം കാരുണ്യത്തിന്റെയും അനുകമ്പയുടെയുടേതാണ്.
അത് ഒരു കൈകൊണ്ട് നിർമിച്ച് മറുകൈകൊണ്ട് നൽകുകയും ചെയ്യുന്നുവെന്നും- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻഷ്യൽ കോടതി ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. വേൾഡ് ഗിവിങ് സൂചികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കുകയെന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. നിലവിൽ സൂചികയിൽ ഒമ്പതാം സ്ഥാനത്താണ് യു.എ.ഇ. സമൂഹത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ സംഭാവന ഇരട്ടിയാക്കാനും പദ്ധതിയിലൂടെ ശ്രമിക്കും.
സന്നദ്ധപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ മൂല്യങ്ങൾ സ്ഥാപിക്കുന്നതിനുമായി ഏകീകൃത ചട്ടക്കൂടിനും രൂപം നൽകും. പൊതുജനങ്ങൾക്ക് ലഭ്യമായ സന്നദ്ധസേവന അവസരങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയങ്ങളും നിയമനിർമാണങ്ങളും വികസിപ്പിക്കുന്നതിലാണ് പദ്ധതി കേന്ദ്രീകരിക്കുക. വളന്റിയേർസ് ഡോട്ട് എ.ഇ 2.0 എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമും അവതരിപ്പിച്ചിട്ടുണ്ട്. ഏഴ് എമിറ്റേുകളിലെ നൈപുണ്യ അധിഷ്ഠിത വളന്റിയറിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ഏഴ് കാമ്പയ്നുകളും പദ്ധതിക്ക് കീഴിൽ ആസൂത്രണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

