അനുഭവങ്ങൾ കരുത്താക്കി ശൈഖ് മൻസൂർ
text_fields2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ അബൂദബി സന്ദർശിച്ചപ്പോൾ ശൈഖ്
മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിക്കുന്നു (ഫയൽ ചിത്രം)
അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ കൂടെ സുപ്രധാന യാത്രകളിലും യോഗങ്ങളിലും നിഴൽപോലെ കൂടെയുണ്ടാകുന്ന വ്യക്തിത്വമാണ് പുതുതായി യു.എ.ഇയുടെ വൈസ് പ്രസിഡന്റായി നിയമിതനായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ പുത്രനെന്ന നിലയിൽ കുട്ടിക്കാലം മുതൽ യു.എ.ഇയുടെയും അബൂദബിയുടെയും മുന്നേറ്റവും പുരോഗതിയും നേരിട്ട് കാണുകയും നേതൃത്വം നൽകുകയും ചെയ്ത അനുഭവങ്ങൾ കരുത്താക്കിയാണ് അദ്ദേഹം പുതിയ പദവിയിലേക്ക് നിയമിതനായിരിക്കുന്നത്. രാജ്യത്തെ വികാസത്തിന്റെ പുതിയ വിഹായസ്സിലേക്ക് നയിക്കുന്ന സഹോദരൻ കൂടിയായ പ്രസിഡന്റിന് കൂടുതൽ കരുത്തുപകരുന്നതായിരിക്കും ശൈഖ് മൻസൂറിന്റെ നിയമനം.
യു.എ.ഇ പിറവിയെടുക്കുന്നതിന് തൊട്ടുമുമ്പ് 1970 നവംബർ 21നാണ് അദ്ദേഹത്തിന്റെ ജനനം. രാഷ്ട്ര മാതാവ് ഫാത്തിമ ബിൻത് മുബാറക് അൽ കെത്ബിയാണ് മാതാവ്. സ്കൂൾ പഠനം അബൂദബിയിൽ പൂർത്തീകരിച്ച ശേഷം ഉന്നത പഠനത്തിന് അമേരിക്കയിലേക്ക് പോയി. 1993ൽ അന്താരാഷ്ട്ര സഹകരണത്തിൽ ബിരുദം നേടിയാണ് പഠനം പൂർത്തിയാക്കിയത്. തിരിച്ചെത്തിയ ശേഷം വർഷങ്ങൾക്കകം തന്നെ വിവിധ ഭരണ ചുമതലകൾ ഏൽപിക്കപ്പെട്ടു. ശൈഖ് സായിദ് ഭരണത്തിലിരുന്ന കാലത്ത് 1997ൽ പ്രസിഡന്റിന്റെ ഓഫിസ് ചെയർമാൻ എന്ന ഉന്നതപദവിയിൽ നിയമിതനായി. ശൈഖ് സായിദിന്റെ വിയോഗംവരെ ഈ പദവിയിൽ സ്തുത്യർഹമായ സേവനം ചെയ്തു. അതിനിടെ, 2000ത്തിൽ നാഷനൽ ആർക്കൈവ്സ് അധ്യക്ഷനായും ചുമതല നൽകിയിരുന്നു. മികച്ച കുതിരയോട്ടക്കാരനായ അദ്ദേഹം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ജേതാവായിട്ടുണ്ട്. എമിറേറ്റ്സ് ഹോഴ്സ് റൈസിങ് അതോറിറ്റിയുടെ ചെയർമാൻ പദവിയിലെത്തിയതും ഈ താൽപര്യം കാരണമായാണ്. 2004ൽ പിതാവിന്റെ മരണത്തിന് തൊട്ടുടനെയാണ് പ്രസിഡൻഷ്യൽകാര്യ മന്ത്രിയായി നിയമിതനായത്. 2005ൽ അബൂദബി ഡെവലപ്മെന്റ് ഫണ്ട്, 2005ൽ അബൂദബി ഫുഡ് കൺട്രോൾ അതോറിറ്റി ബോർഡ്, 2006ൽ അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് എന്നിവയുടെ അധ്യക്ഷനായി. 2009 മേയിൽ പുതിയ കാബിനറ്റ് രൂപവത്കരിച്ചപ്പോൾ ശൈഖ് മൻസൂർ ബിൻ സായിദ് ഉപപ്രധാനമന്ത്രിയായി നിയമിതനായി.
2006ൽ മന്ത്രിതല വികസന കൗൺസിലിന്റെയും 2007ൽ എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും അധ്യക്ഷനായും ചുമതല നൽകപ്പെട്ടു. ഇതുവഴി നിരവധി വികസന പ്രവർത്തനങ്ങൾക്കും രാജ്യാന്തര ബന്ധങ്ങൾക്കും നേതൃത്വം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായി ചുമതല തുടരുന്നതിനിടെയാണ് വൈസ് പ്രസിഡന്റ് എന്ന സുപ്രധാന ചുമതല കൂടി ഏൽപിക്കപ്പെട്ടിരിക്കുന്നത്. 2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ അബൂദബി സന്ദർശിച്ചപ്പോൾ സ്വീകരിക്കുകയും വിവിധ വിഷയങ്ങളിൽ കൂടിയാലോചന നടത്തുകയും ചെയ്തത് ശൈഖ് മൻസൂറിനോടായിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മൂത്ത മകൾ മനാൽ ബിൻത് മുഹമ്മദ് ആൽ മക്തൂമാണ് പത്നി. ആറു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

