ഫുജൈറയിൽ ശൈഖ് ഖലീഫ ആശുപത്രി തുറന്നു
text_fieldsഫുജൈറയിൽ നിർമിച്ച ശൈഖ് ഖലീഫ ആശുപത്രി സുപ്രീം കൗൺസിൽ അംഗവും ഫുജൈറ
ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: ആധുനിക സൗകര്യങ്ങളോടെ ഫുജൈറയിൽ നിർമിച്ച ശൈഖ് ഖലീഫ ആശുപത്രി തുറന്നു. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ചേർന്ന് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരം 84.3 കോടി ദിർഹം ചെലവിട്ടാണ് രാജ്യത്തെ മുൻനിര ആരോഗ്യ പരിചരണ കേന്ദ്രം നിർമിച്ചത്. 89,000 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയിൽ 222 കിടക്കകളാണുള്ളത്. ഭാവിയിൽ കിടക്കകളുടെ എണ്ണം 350 ആയി ഉയർത്തും. മൂന്നു വിഭാഗങ്ങളുള്ള ആശുപത്രി പ്രത്യേക മെഡിക്കൽ സേവനങ്ങളുടെ വലിയ നിര തന്നെ വാഗ്ദാനം ചെയ്യുന്നു. ഓപറേഷൻ തിയറ്റർ, ഇന്റൻസിവ് കെയർ യൂനിറ്റുകൾ, ഡയഗ്നോസ്റ്റിക് ലബോറട്ടികൾ, ഇൻപേഷ്യന്റ് വാർഡുകൾ എന്നിവ ഉൾപ്പെടെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളതെന്ന് ഉദ്ഘാടന വേളയിൽ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
പൊള്ളൽ ചികിത്സ, പുനരധിവാസം, ട്രോമ പരിചരണം എന്നിങ്ങനെ മികച്ച മൂന്ന് കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് ആശുപത്രി. സി.ടി, എം.ആർ.ഐ, ടോമോഗ്രഫി സംവിധാനം, ആധുനിക സൗകര്യങ്ങളുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറികൾ, 30 കിടക്കകളോട് കൂടിയ ട്രോമ യൂനിറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
കൂടാതെ 55 ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, നാല് റോയൽ സ്യൂട്ടുകൾ, എട്ട് വി.ഐ.പി സ്യൂട്ടുകൾ, 45 ജനറൽ ഇൻപേഷ്യന്റ് ബെഡുകൾ, 15 ഐ.സി.യു ബെഡുകൾ, 10 കാർഡിയാക് ബെഡുകൾ, 10 റൂമുകൾ ഉൾപ്പെടുന്ന സമഗ്രമായ പൊള്ളൽ ചികിത്സകേന്ദ്രം, അഞ്ച് ഐ.സി.യു ബെഡുകൾ, പ്രത്യേക ഓപറേഷൻ തിയേറ്റർ എന്നിവയും ആശുപത്രിയിലുണ്ട്.
ഇൻപേഷ്യന്റ് പരിചരണ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ ഔട്ട്പേഷ്യന്റ് ക്ലിനിക്ക് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

