മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ശൈഖ് ഖാലിദ്
text_fieldsമാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ ശൈഖ് ഖാലിദ് വത്തിക്കാൻ അധികൃതർക്കൊപ്പം
ദുബൈ: പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ പ്രതിനിധാനം ചെയ്ത് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുത്തു. യു.എ.ഇ സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയുടെ ഓഫിസ് ചെയർമാനും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറലുമായ സൈഫ് സഈദ് ഘോബാഷ്, അബൂദബി മീഡിയ ഓഫിസ് ചെയർപേഴ്സൻ മർയം ഈദ് അൽ മുഹൈരി എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് വിവിധ രാഷ്ട്രത്തലവന്മാർ, ലോക നേതാക്കൾ, വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ റോമിലെ സെന്റ് മേരി മേജറിന്റെ പേപ്പൽ ബസിലിക്കയിലാണ് സംസ്കാരം നടന്നത്. ചടങ്ങിൽ യു.എ.ഇ പ്രസിഡന്റിന്റെ അനുശോചനം ഹോളി റോമൻ സഭയിലെ കാമർലെംഗോ കർദിനാൾ കെവിൻ ഫാരെലിനെയും വത്തിക്കാനിലെ കർദിനാൾ കോളജ് ഡീൻ കർദിനാൾ ജിയോവനി ബാറ്റിസ്റ്റ റീയെയും ശൈഖ് ഖാലിദ് അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കർദിനാൾ കോളജ്, ഹോളി സീ, ആഗോള കത്തോലിക്കാ സമൂഹം എന്നിവരോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. നേരത്തെ പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അനുശോചനം രേഖപ്പെടുത്തിയിരുന്നു. യു.എ.ഇയുമായി സൗഹാർദപൂർണമായ ബന്ധം സൂക്ഷിച്ച മാർപാപ്പ 2019 ഫെബ്രുവരിയിൽ രാജ്യം സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

