ദുബൈ കസ്റ്റംസ് ആസ്ഥാനം സന്ദർശിച്ച് ശൈഖ് ഹംദാൻ
text_fieldsദുബൈ കസ്റ്റംസിന്റെ ആസ്ഥാനം സന്ദർശിക്കുന്ന ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ കസ്റ്റംസ് ആസ്ഥാനം സന്ദർശിച്ചു. സമ്പദ്വ്യവസ്ഥയുടെ പ്രതിരോധത്തിന്‍റെ മുൻനിരയിലുള്ള സ്ഥാപനമാണ് ദുബൈ കസ്റ്റംസ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈ കസ്റ്റംസിന് അടുത്ത ഘട്ടം സ്മാർട്ടും കൂടുതൽ വേഗതയേറിയതുമായ സംവിധാനങ്ങൾ ആവശ്യമാണ്. അത്തരം സംവിധാനങ്ങൾ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുകയും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യും. കൂടാതെ സുഗമമായ വ്യാപാരം ഉറപ്പാക്കുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള പ്രക്രിയകൾ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ മുൻനിരയിലെത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം അതോറിറ്റിയോട് നിർദേശിച്ചു. സമ്പദ്വ്യവസ്ഥക്ക് കരുത്തേകുന്ന മുൻനിര സ്ഥാപനമായ ദുബൈ കസ്റ്റംസ് ഓരോ വർഷവും ദശലക്ഷക്കണക്കിന് ഇടപാടുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇത് നൂറുകണക്കിന് ബില്യൺ ദിർഹത്തിന്‍റെ വ്യാപാരം സാധ്യമാക്കുന്നു. ആഗോള നേതൃത്വത്തിലേക്കുള്ള സ്ഥിരമായ പുരോഗതിയാണ് അതിന്‍റെ വിദഗ്ധരായ തൊഴിൽശക്തി തെളിയിക്കുന്നതെന്നും ഹംദാൻ വ്യക്തമാക്കി. ഈ വർഷം അൽ മുനാസിഖ് 2.0 പ്ലാറ്റ്ഫോം ഉൾപ്പെടെ നിരവധി ഡിജിറ്റൽ പദ്ധതികൾ ദുബൈ കസ്റ്റംസ് അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

