റോഡ് വികസന പദ്ധതികൾ വിലയിരുത്തി ശൈഖ് ഹംദാൻ
text_fieldsസമഗ്ര റോഡ്, ഇടനാഴി വികസന പദ്ധതികളുടെ റോഡ് മാപ്പ് സംബന്ധിച്ച് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ ശൈഖ് ഹംദാന് വിശദീകരിച്ചു നൽകുന്നു
ദുബൈ: എമിറേറ്റിലെ പൊതുഗതാഗത നീക്കം കൂടുതൽ സുഗമമാക്കുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സമഗ്ര റോഡ്, ഇടനാഴി വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ആർ.ടി.എ ആസ്ഥാനത്ത് സന്ദർശിച്ച അദ്ദേഹത്തിന് 2027ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പ്രധാന റോഡ് നിർമാണ പദ്ധതികളുടെ സമയക്രമം സംബന്ധിച്ച് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ വിശദീകരിച്ചു നൽകി. ഡ്രൈവറില്ലാ ടാക്സികൾ വിന്യസിക്കുന്നതിനുള്ള രൂപരേഖയും അൽ ബർഷ 2ൽ നടപ്പിലാക്കുന്ന മാതൃക വികസന പദ്ധതി സംബന്ധിച്ചും ശൈഖ് ഹംദാന് ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി.
സന്ദർശന തുടക്കത്തിൽ ആർ.ടി.എയുടെ തന്ത്രപ്രധാനമായ റോഡ് പദ്ധതികൾ പ്രദർശിപ്പിക്കുന്ന ഒരു ചുവർചിത്രം ശൈഖ് ഹംദാൻ നോക്കിക്കണ്ടു. 226 കിലോമീറ്റർ റോഡുകളുടെയും 115 പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമാണം ഉൾപ്പെടുന്ന 57 സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എമിറേറ്റിലുടനീളമുള്ള 11 പ്രധാന റോഡ് ഇടനാഴികളുടെ വികസനവും ചുവർ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതിൽ എട്ട് വെർട്ടിക്കൽ ഇടനാഴികളും മൂന്നു പുതിയ റൂട്ടുകളും ഉൾപ്പെടുന്നു. 2040 ഓടെ 80 ലക്ഷം നിവാസികൾക്ക് ഗതാഗത സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്നതാണ് പദ്ധതികൾ. ദുബൈയിലെ 20 മിനിറ്റ് നഗര പദ്ധതി ആദ്യം നടപ്പിലാക്കുന്ന മോഡൽ ഡിസ്ട്രിക്ട് ആയി അൽ ബർഷ 2നെ തിരഞ്ഞെടുത്തു.
മാൾ ഓഫ് ദി എമിറേറ്റ്സ്, അൽ ഖൂസ് ക്രിയേറ്റിവ് സോൺ, ഹെസ്സ സ്ട്രീറ്റിലെ സൈക്ലിങ് ട്രാക്ക്, ദുബൈ ഹിൽസിലെ നടത്ത, സൈക്ലിങ് ശൃംഖലകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി അൽ ബർഷ 2നെ ബന്ധിപ്പിക്കുന്ന 17 കിലോമീറ്റർ സംയോജിത നടത്ത, സൈക്ലിങ് ട്രാക്കുകൾ മോഡൽ ഡിസ്ട്രിക്ടിൽ ഉൾപ്പെടും. കൂടാതെ അൽ സുഫൂഹ്, ജുമൈറ ബീച്ച് തുടങ്ങിയ പ്രധാന ടൂറിസ്റ്റ്, റസിഡൻഷ്യൽ മേഖലകളെയും നടപ്പാതകൾ ബന്ധിപ്പിക്കും. മൂന്ന് കമ്യൂണിറ്റി ഇടങ്ങൾ, കാൽനടക്കാർക്കും സൈക്ലിസ്റ്റുകൾക്കും വിശ്രമിക്കാനുള്ള സ്ഥലം എന്നിവയും ഇതിൽ ഉൾപ്പെടും. ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനായി 590 മരങ്ങൾ ഇവിടെ വെച്ചുപിടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

