ഓട്ടിസം കുട്ടികൾക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് ശൈഖ് ഹംദാൻ
text_fieldsഇഫ്താർ ചടങ്ങിൽ ശൈഖ് ഹംദാൻ ഓട്ടിസം ബാധിതനായ
കുട്ടികൾക്കൊപ്പം ഫോട്ടോയെടുക്കുന്നു
ദുബൈ: ഓട്ടിസം ബാധിതരായ കുട്ടികൾക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ എമിറേറ്റ്സ് ടവറിൽ ഒരുക്കിയ പരിപാടിയിൽ ഓട്ടിസം ബാധിച്ച കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്തു. തുടർന്ന് നിശ്ചയദാർഢ്യ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ദുബൈ നേതൃത്വം ഉയർന്ന മുൻഗണന നൽകുന്നുവെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.
നിശ്ചയദാർഢ്യമുള്ള എല്ലാ ആളുകളും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ലഭിക്കാൻ അർഹരാണ്. ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിലും കുട്ടികളുമായും അവരുടെ കുടുംബങ്ങളുമായും സംവദിക്കാൻ കഴിഞ്ഞതിലും സന്തുഷ്ടനാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ഫോട്ടോയെടുത്തും ഹാർമോണിയം വായന ശ്രവിച്ചും അദ്ദേഹം കുട്ടികൾക്കൊപ്പം ചടങ്ങിൽ ഇടപഴകുന്ന ചിത്രങ്ങളും വിഡിയോകളും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
യു.എ.ഇ സാമൂഹിക വികസന സഹമന്ത്രിയും എമിറേറ്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറലുമായ ഹസ്സ ബൂഹുമൈദ്, മുതിർന്ന ഉദ്യോഗസ്ഥർ, ഭിന്നശേഷി കേന്ദ്രങ്ങളുടെ ഡയറക്ടർമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.