ദുബൈയിൽ വിദ്യാർഥി കൗൺസിൽ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
text_fieldsദുബൈ വിദ്യാർഥി കൗൺസിൽ അംഗങ്ങൾ
ദുബൈ: പുതുതലമുറയുടെ അഭിപ്രായങ്ങൾ അറിയുന്നതിനും പരിഗണിക്കുന്നതിനുമായി ദുബൈയിൽ വിദ്യാർഥി കൗൺസിലിന് അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എമിറേറ്റിലെ 16 സ്വകാര്യ സ്കൂളുകളിൽനിന്ന് 16 കുട്ടികളാണ് കൗൺസിലിൽ അംഗങ്ങൾ.
ഗ്രേഡ് 9 മുതൽ ഗ്രേഡ് 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണിവർ. വിവിധ രാജ്യക്കാരും സംസ്കാരങ്ങളിൽ നിന്നുള്ളവരും, അതോടൊപ്പം ആറ് വ്യത്യസ്ത പാഠ്യപദ്ധതികളിൽനിന്നുള്ള വിദ്യാർഥികളെയാണ് അംഗങ്ങളായി തെരഞ്ഞെടുത്തത്.
ഇമാറാത്തി കുട്ടികളും അംഗങ്ങളായുണ്ട്. എട്ടുപേർ ആൺകുട്ടികളും എട്ടുപേർ പെൺകുട്ടികളുമാണ്. നിശ്ചയദാർഢ്യ വിഭാഗത്തിൽനിന്നും പ്രതിനിധിയുണ്ട്. ദുബൈയുടെ എജുക്കേഷൻ ഇ33 നയത്തിന്റെ ഭാഗമായി ‘നാളെയുടെ നേതാക്കൾ’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൗൺസിൽ രൂപപ്പെടുത്തിയത്. ദുബൈയിലെ സ്വകാര്യ സ്കൂൾ മേഖലയിലെ നാല് ലക്ഷത്തോളം കുട്ടികളുടെ ശബ്ദമായി കൗൺസിൽ മാറും. എമിറേറ്റിലെ സ്കൂളുകളുടെ വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി 90 സ്കൂളുകളിൽനിന്ന് 40 കുട്ടികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. ഇവരിൽനിന്ന് വ്യക്തിഗത അഭിമുഖങ്ങളും ഗ്രൂപ് പ്രവർത്തനങ്ങളും വഴിയാണ് കൗൺസിൽ അംഗങ്ങളാകുന്ന അവസാന ഗ്രൂപ്പിനെ തെരഞ്ഞെടുത്തത്.
ഒരു അധ്യയന വർഷമാണ് കൗൺസിലിന്റെ കാലാവധിയെങ്കിലും രണ്ടാം വർഷത്തിലേക്ക് പുതുക്കാനുള്ള സംവിധാനമുണ്ട്. ഇത് പ്രവർത്തന മികവിന്റെയും യോഗ്യത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. വിദ്യാർഥി സമൂഹവും എമിറേറ്റിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന കെ.എച്ച്.ഡി.എയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനമായി കൗൺസിൽ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

