ശൈഖ് ഹംദാൻ ഇൻറർനാഷനൽ ഫോട്ടോഗ്രഫി മത്സരം: അഞ്ചു വിജയികളിൽ മൂന്നും മലയാളികൾ
text_fieldsടിറ്റു ഷാജി തോമസ്, നൗഫൽ പെരിന്തൽമണ്ണ, നീലിമ ആസാദ് തൃശൂർ
ദുബൈ: ശൈഖ് ഹംദാൻ ഇൻറർനാഷനൽ ഫോട്ടോഗ്രഫി മത്സരത്തിൽ അഞ്ചു വിജയികളിൽ മൂന്നും മലയാളികൾ. പെരിന്തൽമണ്ണ സ്വദേശി നൗഫൽ, തൃശൂർ സ്വദേശിനി നീലിമ ആസാദ്, ആലപ്പുഴ മാന്നാർ സ്വദേശി ടിറ്റു ഷാജി തോമസ് എന്നിവരാണ് പുരസ്കാരം നേടിയത്. ദുബൈ എക്സ്പോ ഉൾെപ്പടെ വിവിധ കാലഘട്ടങ്ങളിൽ നടന്ന എക്സ്പോയായിരുന്നു തീം. നൂറോളം പേരിൽ നിന്ന് 25 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി അതിൽനിന്നാണ് അഞ്ചു വിജയികളെ തെരഞ്ഞെടുത്തത്. ദുബൈ എക്സ്പോയുടെ പ്രചാരണാർഥം എമിറേറ്റ്സ് വിമാനം എക്സ്പോയുടെ പ്രവേശന കവാടത്തിന് മുകളിലൂടെ താഴ്ന്ന് പറക്കുന്ന ചിത്രമാണ് നൗഫലിനെ വിജയിയാക്കിയത്. ദുബൈ എക്സ്പോയിലെ റഷ്യൻ പവിലിയന് മുന്നിലൂടെ നടന്നുപോകുന്ന മൂന്ന് അറബ് വനിതകളുടെ ചിത്രമാണ് ടിറ്റു ഷാജി തോമസ് പകർത്തിയത്. ദുബൈ എക്സ്പോ സൈറ്റിലെ വാട്ടർ ഫീച്ചറിൽ യോഗ അഭ്യസിക്കുന്ന ചിത്രത്തിനാണ് നീലിമക്ക് അവാർഡ് ലഭിച്ചത്. മൂന്ന് പേരും മുമ്പും നിരവധി ഫോട്ടോഗ്രഫി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.