സഹകരണം ശക്തമാക്കി ശൈഖ് ഹംദാൻ ഒമാനിൽ
text_fieldsഒമാനിലെത്തിയ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമിനെ ഒമാൻ ഭരണാധികാരി
സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിക്കുന്നു
ദുബൈ: ഒമാൻ സന്ദർശനത്തിനെത്തിയ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് മസ്കത്തിൽ ഊഷ്മള സ്വീകരണം. തിങ്കളാഴ്ച ഒമാനിലെത്തിയ ശൈഖ് ഹംദാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി അൽബറക്ക കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ദീർഘകാല ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. മുതിർന്ന ഒമാനി ഉദ്യോഗസ്ഥരുമായും ശൈഖ് ഹംദാനും സംഘവും കൂടിക്കാഴ്ചകൾ നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ മദ്ഹയിൽ അൽ റൗദ പ്രത്യേക സാമ്പത്തിക മേഖലയുടെ ആദ്യ ഘട്ടം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കരാറിൽ ഒമാനും യു.എ.ഇയും ഒപ്പുവെച്ചു. ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദും ശൈഖ് ഹംദാനൊപ്പം ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു. ഒമാനി-ഇമാറാത്തി സംയുക്ത സംരംഭമായ മദ്ഹ ഡെവലപ്മെന്റ് കമ്പനിയുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ സ്പെഷൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പ്രാരംഭ ഘട്ടത്തിൽ 14 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ വികസനം, വൈവിധ്യമാർന്ന വ്യവസായങ്ങളെ ആകർഷിക്കുന്നതിനായി രൂപകൽപന ചെയ്തതാണ്. റോഡുകൾ, ജല, മലിനജല ശൃംഖലകൾ, അവശ്യ യൂട്ടിലിറ്റികൾ എന്നിവയുൾപ്പെടെയുള്ള നിർണായക പൊതു അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഡെവലപ്പർ മേൽനോട്ടം വഹിക്കും.
ദുബൈ രണ്ടാം ഉപഭരണാധികാരി ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസിഡന്റും ദുബൈ എയർപോർട്ട്സിന്റെ ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടിവും ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം, ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയുടെ ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരടങ്ങിയ ഉന്നത പ്രതിനിധിസംഘം ശൈഖ് ഹംദാനെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

