മസ്കുമായി കൂടിക്കാഴ്ച നടത്തി ശൈഖ് ഹംദാൻ
text_fieldsഇലോൺ മസ്കിനെ സ്വീകരിക്കുന്ന ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്
ആൽ മക്തൂം
ദുബൈ: സാങ്കേതികവിദ്യ രംഗത്തെ പ്രമുഖ സംരംഭകനും സ്പേസ്, ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ബഹിരാകാശ ഗവേഷണം, നിർമിത ബുദ്ധി (എ.ഐ), ഭാവി ഗതാഗത പദ്ധതികൾ എന്നിവയെക്കുറിച്ച് ഇരുവരും വിശദമായ ചർച്ചകൾ നടത്തി. മസ്കിന്റെ കമ്പനികളുമായി ചേർന്ന് യു.എ.ഇ കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ഇലോൺ മസ്കുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ശൈഖ് ഹംദാൻ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇലോൺ മസ്കുമായി ബഹിരാകാശം, സാങ്കേതികവിദ്യ, മാനവികത എന്നിവയെക്കുറിച്ച് വൈവിധ്യമാർന്ന ചർച്ചകൾ നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന ഭാവിയിൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും കൂടിക്കാഴ്ചക്കു ശേഷം ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സ്പേസ് എക്സുമായി ചേർന്ന് യു.എ.ഇയുടെ ബഹിരാകാശ പദ്ധതികൾ കൂടുതൽ വിപുലീകരിക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. ഇതിന്റെ തുടക്കമാണ് അടുത്തിടെ നടന്ന പി.എച്ച്.ഐ-1 ഉപഗ്രഹ വിക്ഷേപണം.
മസ്കിന്റെ ‘ബോറിങ് കമ്പനി’ യുമായി ചേർന്ന് ദുബൈ നടപ്പാക്കുന്ന ഭൂഗർഭ പാത പദ്ധതിയായ ദുബൈ ലൂപ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ തുടങ്ങിയവയും ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.
ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള വിഷൻ 2040ന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെ ലോകം നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

