എക്കാലത്തെയും മികച്ച ലോകകപ്പ് -ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ
text_fieldsദുബൈ: എക്കാലത്തെയും മികച്ച ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിന് അഭിനന്ദനം അർപിക്കുന്നതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അറബ് സംസ്കാരവും മൂല്യങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതായിരുന്നു നിങ്ങളുടെ വിശിഷ്ടമായ ആതിഥ്യം. അറബ് ലോകത്തിന്‍റെ കാൽപാദം പതിപ്പിച്ച് നമ്മുടെ ടീമുകൾ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അർജന്‍റീന നേടിയത് അർഹിക്കുന്ന വിജയമാണെന്നും ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.
ലോകകപ്പ് മനോഹരമായി സംഘടിപ്പിക്കാൻ ഖത്തറിന് കഴിഞ്ഞതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകകപ്പിന്‍റെ തുടക്കം മുതൽ പിന്തുണയുമായി യു.എ.ഇ ഭരണാധികാരികളുണ്ടായിരുന്നു. ഉദ്ഘാടന ദിവസം തന്നെ ശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് ഹംദാനും ഖത്തറിൽ നേരിട്ടെത്തിയിരുന്നു. ലോകകപ്പിനിടയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും ഖത്തർ സന്ദർശനം നടത്തുകയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.