ചികിത്സയില്‍ കഴിയുന്ന ഭൂകമ്പ ബാധിതരെ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് സന്ദര്‍ശിച്ചു
text_fieldsഅല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന് സിറിയൻ ഭൂകമ്പ ബാധിതരെ സന്ദർശിക്കുന്നു
അബൂദബി: സിറിയയിലെ ഭൂകമ്പത്തില്‍ പരിക്കേറ്റ് അബൂദബിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന് സന്ദര്‍ശിച്ചു. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി എന്നിവിടങ്ങളില്‍ കഴിയുന്നവരെയാണ് സന്ദര്‍ശിച്ചത്.
സിറിയയിലും തുര്‍ക്കിയയിലും ഭൂകമ്പത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കാനുള്ള രാഷ്ട്ര മാതാവ് ഫാത്തിമ ബിന്ത് മുബാറകിന്റെ നിർദേശ പ്രകാരമാണ് ചികിത്സക്കായി നിരവധിപേരെ യു.എ.ഇയിലെ ആശുപത്രികളില്‍ എത്തിച്ചത്.
ഇവരുടെ ആരോഗ്യനിലയും സാഹചര്യങ്ങളും ബന്ധുക്കളോടും മെഡിക്കല്‍ വിദഗ്ധരോടും അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സക്കൊപ്പം ആരോഗ്യം വീണ്ടെടുക്കാനും പുനരധിവാസ പദ്ധതികളും ലഭ്യമാക്കും.
സിറിയയിലെയും തുര്‍ക്കിയയിലെയും ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനുള്ള ഒരവസരവും യു.എ.ഇ പാഴാക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള സംരംഭത്തില്‍ പങ്കാളിയായവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. സഹമന്ത്രി ഡോ. മൈത ബിൻത് സാലിം അല്‍ ഷംസി, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മന്‍സൂര്‍ അല്‍ മന്‍സൂരി, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദിനെ അനുഗമിച്ചു.