ശൈഖ് ഹംദാനെത്തി, അതിശയങ്ങൾ നേരിൽക്കാണാൻ
text_fieldsദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ദുബൈ എക്സ്പോ 2020 നഗരി സന്ദർശിക്കുന്നു
ദുബൈ: ലോകത്തിനു മുന്നിൽ വിസ്മയങ്ങൾ തുറക്കുന്ന ദുബൈ എക്സ്പോ നഗരിയിലെ അതിശയങ്ങൽ കാണാൻ ദുബൈ കിരീടാവകാശി എത്തി. നഗരിയിൽ സന്ദർശനം നടത്തിയ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഗോളതലത്തിൽതന്നെ ഏറ്റവും വലിയ പ്രദർശനമായി മാറുന്ന ദുബൈ എക്സ്പോ സംബന്ധിച്ച തയാറെടുപ്പുകളും സജ്ജീകരണങ്ങളും വിലയിരുത്തി.
''എക്സ്പോ സൈറ്റിൽ ഒരു വലിയ തലത്തിലുള്ള സന്നദ്ധത കണ്ടതിൽ അഭിമാനിക്കുന്നു, പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രദർശനത്തിന് ആതിഥേയത്വം വഹിക്കാൻ ദുബൈ ഒരുങ്ങിക്കഴിഞ്ഞു, നൂതനവും പ്രചോദനകരവുമായ നിരവധി പദ്ധതികളും പരിപാടികളുമാണ് എക്സ്പോ സമ്മാനിക്കാനൊരുങ്ങുന്നത്. അന്താരാഷ്ട്ര എക്സ്പോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പിന് ഞങ്ങൾ ആതിഥേയത്വം വഹിക്കുമെന്നത് ഞങ്ങളുടെ നേതൃത്വം ലോകത്തിന് നൽകിയ വാഗ്ദാനമാണ്, ഇത് യു.എ.ഇയെയും അവിടത്തെ ജനങ്ങളെയും മുഴുവൻ അറബ് ലോകത്തെയും അഭിമാനിക്കുന്ന തരത്തിൽ സംഘടിപ്പിക്കും. കഴിവുകൾക്കും ആത്മാർഥമായ പരിശ്രമങ്ങൾക്കും നന്ദി'' - നഗരിയിലെ സന്ദർശനത്തിനുശേഷം ശൈഖ് ഹംദാൻ പറഞ്ഞു. ദുബൈ ആതിഥേയത്വം വഹിക്കുന്ന എക്സ്പോ 2020, എക്സ്പോയുടെ 168 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പാണ്.
ഞങ്ങളുടെ വിവേകപൂർണമായ നേതൃത്വത്തിെൻറ നിർദേശങ്ങൾക്കും ഇവൻറ് വളരെ കൃത്യതയോടെ പിന്തുടരുന്നതിനും നന്ദി. ഈ അന്താരാഷ്ട്ര വേദിയിലൂടെ ലോകത്തെ അമ്പരപ്പിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, ലോകത്തിെൻറ സംസ്കാരം, പൈതൃകം, ചരിത്രം, മികച്ച പുതുമകൾ എന്നിവ ലോകത്തെ അറിയിക്കും -ഹംദാൻ കൂട്ടിച്ചേർത്തു. അൽ വാസൽ പ്ലാസ, ടെറ, സുസ്ഥിരത പവിലിയനുകളിലും അദ്ദേഹം സന്ദർശനം നടത്തി. ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31വരെ 190ലധികം രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളെ സ്വാഗതംചെയ്യുന്ന എക്സ്പോയുടെ ഒരുക്കങ്ങളെക്കുറിച്ച് ശൈഖ് ഹംദാനെ അറിയിച്ചു. എക്സ്പോ 2020 ദുൈബ ഉന്നത സമിതി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് ആൽ മക്തൂം, അന്താരാഷ്ട്ര സഹകരണ മന്ത്രിയും എക്സ്പോ 2020 ഡയറക്ടർ ജനറലുമായ റീം ബിന്ത് ഇബ്രാഹിം അൽ ഹാഷ്മി, എക്സ്പോ 2020യുടെ റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ് സി.ഇ.ഒ അഹമ്മദ് അൽ ഖത്തീബും അദ്ദേഹത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

