ശൈഖ് അബ്ദുല്ല ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു
text_fieldsദുബൈ: യു.എ.ഇ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ടെലിഫോൺ സംഭാഷണം നടത്തി. നയതന്ത്ര ഇടപെടലുകളിലൂടെയും ചർച്ചകളിലൂടെയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്ന് സംഭാഷണത്തിൽ ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ തന്ത്രപരമായ ബന്ധത്തെക്കുറിച്ചും, ജനങ്ങൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ജമ്മു-കശ്മീരിലെ പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശൈഖ് അബ്ദുല്ല അനുശോചനവും സഹതാപവും അറിയിക്കുകയും, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
സമൂഹങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും യു.എ.ഇ നിരാകരിക്കുന്നുവെന്നും അത്തരം പ്രവൃത്തികൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണേഷ്യയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ പുലർത്തുന്ന പ്രതിബദ്ധതയിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എല്ലാ പ്രതിസന്ധികൾക്കും സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം നയതന്ത്രവും സംഭാഷണവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദർറുമായും ശൈഖ് അബ്ദുല്ല കഴിഞ്ഞ ദിവസം സംഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

