ശൈഖ് അബ്ദുല്ല ബിൻ സായിദ് യു.എസ് സന്ദർശനം പൂർത്തിയാക്കി
text_fieldsശൈഖ് അബ്ദുല്ല ബിൻ സായിദ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി
കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക യു.എസ് സന്ദർശനം പൂർത്തിയാക്കി. വൈറ്റ് ഹൗസ് പ്രതിനിധികൾ, കോൺഗ്രസ് അംഗങ്ങൾ, സെനറ്റ് അംഗങ്ങൾ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന യു.എസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി. യു.എ.ഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.
സമ്പദ്വ്യവസ്ഥ, വ്യാപാരം, ശാസ്ത്രം, നൂതന സാങ്കേതികവിദ്യ, നിർമിതബുദ്ധി എന്നിവയുൾപ്പെടെ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചാണ് ചർച്ച നടന്നത്.
മിഡിൽ ഈസ്റ്റിലെ യു.എസിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായും ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ യു.എ.ഇയും യു.എസും തമ്മിൽ വളർന്നുവരുന്ന സഹകരണത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തെയും കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട്, പ്രാദേശിക സംഭവവികാസങ്ങൾ സംബന്ധിച്ച കാഴ്ചപ്പാടുകൾ ഇരുപക്ഷവും കൈമാറി. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ പോളിസി ആൻഡ് ഹോംലാൻഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ, യു.എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്, യു.എസ് കോൺഗ്രസിലെ നിരവധി അംഗങ്ങൾ എന്നിവരുമായും കൂടിക്കാഴ്ചകൾ നടന്നു.
ഫലപ്രദമായ അന്താരാഷ്ട്ര സഹകരണത്തിന് യു.എ.ഇയും യു.എസും തമ്മിലെ ബന്ധം ഒരു മാതൃകയായി നിലകൊള്ളുന്നുവെന്ന് കൂടിക്കാഴ്ചകളിൽ ശൈഖ് അബ്ദുല്ല പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിവൃദ്ധിക്ക് ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും സമ്പന്നമാക്കുന്നതിനും അമേരിക്കയുമായി അടുത്ത് പ്രവർത്തിക്കാനുമുള്ള യു.എ.ഇയുടെ താൽപര്യവും അദ്ദേഹം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

