ആദ്യമായി അവൾ പിതാവിനെ കണ്ടു; വഴിയൊരുക്കി ഷാർജ പൊലീസ്
text_fieldsപ്രതീകാത്മക ചിത്രം
ഷാർജ: മൂന്നര പതിറ്റാണ്ട് നീണ്ട വേർപാടിനുശേഷം ആ മകൾക്കും പിതാവിനും സ്വപ്നസാക്ഷാത്കാരം. 35 വർഷം മുമ്പ് ചില കാരണങ്ങളാൽ വേർപെട്ടുപോയ പിതാവിനും മകൾക്കും പുനഃസമാഗമത്തിന് അവസരമൊരുക്കിയത് ഷാർജ പൊലീസാണ്. വിദേശത്ത് താമസിക്കുന്ന സ്ത്രീ പിതാവിനെ കാണാനുള്ള ആഗ്രഹമറിയിച്ച് ഷാർജ പൊലീസ് അധികൃതരെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് സാമൂഹിക സുരക്ഷ വകുപ്പ് അന്വേഷണം നടത്തി പിതാവിനെ കണ്ടെത്തി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയായിരുന്നു. സങ്കീർണമായ കുടുംബ പശ്ചാത്തലം കാരണമാണ് ഇരുവരും വേർപെട്ടത്. ജനനത്തിനു ശേഷം ഒരിക്കലും പിതാവിനെ കാണാൻ സ്ത്രീക്ക് അവസരം ലഭിച്ചിരുന്നില്ല. നീണ്ട വർഷങ്ങൾക്കുശേഷം പിതാവിനെ കാണാനുള്ള ആഗ്രഹവുമായി പൊലീസിനെ സമീപിച്ച സ്ത്രീയുമായി അധികൃതർ അതിവേഗത്തിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടി. തുടർന്ന് യു.എ.ഇയിലേക്ക് വരാനുള്ള തടസ്സങ്ങളെല്ലാം നീക്കി, വിമാന ടിക്കറ്റും അധികൃതർ ഒരുക്കിനൽകി. കൂടിക്കാഴ്ചക്ക് സുരക്ഷിതവും സ്വകാര്യവുമായ ഒരു സ്ഥലവും അധികൃതർ സജ്ജീകരിച്ചു. വൈകാരികമായ കൂടിക്കാഴ്ചയിൽ സഹായത്തിന് വിദഗ്ധരായ ഒരു സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.
വർഷങ്ങൾക്കു ശേഷം തന്റെ പിതാവിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സ്ത്രീയുടെ സന്ദേശം ലഭിച്ചപ്പോൾ കേസ് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ ഉടൻ ചുമതലപ്പെടുത്തിയിരുന്നെന്നും കമ്യൂണിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രി. അഹ്മദ് മുഹമ്മദ് അൽ മർറി പറഞ്ഞു. കുടുംബങ്ങളുടെ ഐക്യത്തിനും സാമൂഹിക സഹകരണത്തിനുമുള്ള ഷാർജ പൊലീസിന്റെ പ്രതിബദ്ധതയാണ് സംഭവം പ്രതിഫലിപ്പിക്കുന്നതെന്ന് കമ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് പ്രിവൻഷൻ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് സഈദ് അൽ നൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

