ഷാരോൺ വീണ്ടും നടക്കും; കൃത്രിമക്കാലിന്റെ കരുത്തിൽ അപകടത്തിൽ നഷ്ടപ്പെട്ട കാലിനുപകരം കൃത്രിമക്കാൽ ഘടിപ്പിച്ചു
text_fieldsവിജയകരമായ ശസ്ത്രക്രിയക്കുശേഷം ഷാരോൺ
അബൂദബി: വിവിധ കാരണങ്ങളാൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ഗ്ലോബൽ പ്രോസ്തെറ്റിക് പദ്ധതിയായ ‘10 ജേർണീസിന്റെ’ ആദ്യ മൂന്ന് ഗുണഭോക്താക്കളിൽ മലയാളിയും. കോട്ടയം ചിങ്ങവനം സ്വദേശി ഷാരോൺ ചെറിയാനാണ് അബൂദബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബി.എം.സി) ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രഫ. ഡോ. മുൻജെദ് അൽ മുദിരിസ് നേതൃത്വം നൽകിയ സൗജന്യ ഓസിയോ ഇന്റഗ്രേഷൻ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ദാരുണമായ അപകടങ്ങൾക്കുശേഷം ചലനശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കൾ. ഷാരോണിനോടൊപ്പം ഫലസ്തീനിൽ നിന്നുള്ള അനസ് ജെബെയ്ഹി, അമേരിക്കയിൽ നിന്നുള്ള ജോഷ്വ അർനോൾഡ് എന്നിവരും ശസ്ത്രക്രിയക്ക് വിധേയരായി.
മൂന്ന് മാസംമുമ്പ് ബി.എം.സിയിലെ അൽ മുദിരിസ് ഓസിയോ ഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്ഘാടന വേളയിലാണ് 2022ലെ സിറിയൻ ഭൂകമ്പത്തെ അതിജീവിച്ച സഹോദരങ്ങളായ ഷാമിന്റെയും ഒമറിന്റെയും അതിജീവനത്തിനുള്ള ആദരസൂചകമായി 10 പേർക്ക് സൗജന്യ ഓസിയോ ഇന്റഗ്രേഷൻ ശസ്ത്രക്രിയകൾ നൽകാനുള്ള പദ്ധതി ഡോ. ഷംഷീർ പ്രഖ്യാപിച്ചത്. ലോകമെമ്പാടും നിന്ന് ലഭിച്ച പ്രൊഫൈലുകളിൽ നിന്ന് തിരഞ്ഞെടുത്ത 10 പേർക്കാണ് ചികിത്സ നൽകുക. അവശേഷിക്കുന്ന ഏഴ് ശസ്ത്രക്രിയകൾ വരും മാസങ്ങളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

