വിക്ഷേപണത്തിനൊരുങ്ങി ഷാർജ സാറ്റ് 2 ഉപഗ്രഹം
text_fieldsഅക്കാദമി ഫോർ ആസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ ഉപഗ്രഹത്തിനൊപ്പം
ഷാർജ: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത വേളകളിലും പ്രതികരണ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഷാർജ വികസിപ്പിച്ച കൃത്രിമ ഉപഗ്രഹം അടുത്ത വർഷം വിക്ഷേപിക്കും.
ഷാർജ സർവകലാശാലയിലെ ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് ഷാർജ സാറ്റ്-2 എന്ന പേരിൽ ഉപഗ്രഹം വികസിപ്പിച്ചത്. ഭൂമിയെ നിരീക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനുമായി അത്യാധുനിക കാമറകൾ വഹിക്കാൻ ശേഷിയുള്ളതാണ് കൃത്രിമ ഉപഗ്രഹം. ഷാർജയുടെ നഗരാസൂത്രണം, പ്രകൃതി വിഭവ മാനേജ്മെന്റ്, അടിയന്തര പ്രതികരണ പ്രവർത്തനങ്ങൾ എന്നിവയെ പിന്തുണക്കുന്നതിനൊപ്പം സുസ്ഥിരമായ കൃഷിരീതികൾക്കും തീര സംരക്ഷണത്തിനും സംഭാവന നൽകാനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി അക്കാദമിയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം നെതർലൻഡ്സിലെ ഇന്നൊവേറ്റിവ് സൊല്യൂഷൻസ് ഇൻ സ്പേസ് കേന്ദ്രം സന്ദർശിച്ചിരുന്നു. വിവിധ ഘടകങ്ങളുടെ സംയോജനം, പരിശോധന എന്നിവയുടെ അവസാന ഘട്ടങ്ങൾ സംഘം പരിശോധിച്ചു. വിക്ഷേപണത്തിന് മുമ്പുള്ള നിർണായകമായ ഘട്ടമാണ് ഇത്. ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ച സംഘം വൈദ്യുതി സംവിധാനം, സുരക്ഷ മോഡുകൾ എന്നിവയും വിശകലനം ചെയ്തു. അടുത്ത വർഷം ആദ്യ പാദത്തിൽ ഉപഗ്രഹം വിക്ഷേപിക്കാനാണ് തീരുമാനം. ഷാർജ സാറ്റ്-1 വിക്ഷേപിച്ച ശേഷം യു.എ.ഇയിൽ അതിവേഗം വികസിക്കുന്ന ബഹിരാകാശ മേഖലക്ക് സുപ്രധാനമായ ചുവട്വെപ്പായിരിക്കും ഷാർജ സാറ്റ്-2 വിക്ഷേപണം എന്നാണ് വിലയിരുത്തൽ. ഷാർജ സാറ്റ് -1ന് നാല് കിലോയായിരുന്നു ഭാരം. 2023ൽ ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലേറിയാണ് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിയത്. മൂന്ന് വർഷമാണ് ഇതിന്റെ കാലാവധി. 550 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യൻ, എക്സ് റേ വികിരണം, ബഹിരാകാശ കാലാവസ്ഥ എന്നിവയെ കുറിച്ചുള്ള പഠനമാണ് ഷാർജ സാറ്റ്-1ന്റെ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

