ഡിജിറ്റൽ ഇടപാടുകളിൽ കുതിപ്പുമായി ഷാർജ
text_fieldsഷാർജ: ‘ഡിജിറ്റൽ ഷാർജ ഫ്ലാറ്റ്ഫോമി’ലൂടെ നാലുവർഷത്തിനിടെ ഷാർജ ഡിജിറ്റൽ ഡിപ്പാർട്മെന്റ് (എസ്.ഡി.ഡി) നടത്തിയത് 4.15 കോടി ദിർഹം മൂല്യം വരുന്ന 9,52,000 ഇടപാടുകൾ. ഇതുവഴി 95,000ത്തിലധികം പേരെ ഡിജിറ്റൽ ഇടപാടിലേക്ക് ആകർഷിക്കാനായതായി അധികൃതർ അറിയിച്ചു.
ഈ പ്ലാറ്റ്ഫോം വഴി 19 പ്രാദേശിക, ഫെഡറൽ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 60ലധികം ഡിജിറ്റൽ സേവനങ്ങളാണ് നൽകിവരുന്നത്. ഈ വർഷം ജൂലൈ വരെ എമിറേറ്റിലെ ഡിജിറ്റൽ ഇടപാടുകളിൽ 31 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.
കൂടാതെ, ഡിജിറ്റൽ ഫ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 2,992ൽ നിന്ന് 95,000 ആയി വർധിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റ് 25 ലക്ഷം പേരെ ആകർഷിച്ചതായും അധികൃതർ അറിയിച്ചു. ‘ഡിജിറ്റൽ ഷാർജ’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തവരുടെ എണ്ണത്തിൽ 615 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി ആരംഭിച്ച 2021ൽ 16,066 ഡൗൺലോഡ് നടന്ന സ്ഥാനത്ത് 2024ൽ ഇത് ഒരു ലക്ഷമായാണ് ഉയർന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ഇടപാടുകളിലെ തുടർച്ചയായുള്ള വളർച്ച സൂചിപ്പിക്കുന്നത് ഡിപ്പാർട്മെന്റിന്റെ നേട്ടമാണെന്ന് ഷാർജ ഡിജിറ്റൽ ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ ശൈഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
ജനങ്ങൾക്ക് ലഘുവായതും വിശ്വസനീയവും ഉയർന്ന നിലവാരത്തിലുള്ളതുമായ ഡിജിറ്റൽ സർവിസ് വാഗ്ദാനം ചെയ്യുന്നതിന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി നടത്തിയ സഹകരണമാണ് ഈ വിജയം കൈവരിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

