റമദാനിൽ 13.6കോടി ദിർഹമിന്റെ സഹായ പദ്ധതിയുമായി ഷാർജ
text_fieldsഷാർജ ചാരിറ്റബ്ൾ സൊസൈറ്റി അധികൃതർ ‘ജൂദ്’ പദ്ധതി വിശദീകരിക്കുന്നു
ഷാർജ: വ്യത്യസ്ത മേഖലകളിലായി റമദാനിൽ 13.6 കോടി ദിർഹമിന്റെ സഹായ പദ്ധതി പ്രഖ്യാപിച്ച് ഷാർജ ചാരിറ്റബ്ൾ സൊസൈറ്റി. ‘ജൂദ്’ എന്ന പേരിലാണ് ഇത്തവണയും റമദാനിലെ പ്രത്യേക വാർഷിക കാമ്പയിൻ ഒരുക്കുന്നത്. പ്രധാനമായും സകാത്ത് ശേഖരിച്ചാണ് പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്തുന്നത്. പദ്ധതിയിലെ പ്രധാന അഞ്ചു പദ്ധതികൾക്കാണ് 6.51 കോടി ദിർഹം ചെലവഴിക്കുക.
1.24 കോടി ചെലവഴിച്ച് 8.3 ലക്ഷം പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും. ഇത് യു.എ.ഇക്ക് അകത്തും പുറത്തും നടപ്പാക്കുന്ന പദ്ധതിയാണ്. 17 ലക്ഷം ദിർഹം ഉപയോഗിച്ച് പ്രധാന വിഭവങ്ങൾ അടങ്ങിയ ‘റമദാൻ ബാസ്കറ്റു’കൾ 17,250 പേർക്ക് വിതരണം ചെയ്യും. 32 ലക്ഷം ദിർഹം ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഫിത്ർ സകാത്തായി ശേഖരിച്ച് 40,000 പേർക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിതരണം ചെയ്യും.
8.62 ലക്ഷം ദിർഹം ഈദുൽ ഫിത്ർ ആഘോഷ സമയത്ത് വസ്ത്രങ്ങൾ നൽകാനും ഉപയോഗിക്കും. രാജ്യത്തിനകത്ത് സഹായത്തിനായി രജിസ്റ്റർ ചെയ്ത 2,875പേർക്കാണ് പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്യുക. ഇതിനുപുറമെ, ഈജിപ്തിലെ വിവിധ ഭാഗങ്ങളിലായി രണ്ട് ലക്ഷം ദിർഹം വിലമതിക്കുന്ന വസ്ത്രങ്ങൾ കൈറോയിലെ യു.എ.ഇ എംബസിയുമായി സഹകരിച്ച് വിതരണം ചെയ്യും. 10 ലക്ഷം ദിർഹം ഷാർജയിലെ തടവുകാരുടെ ക്ഷേമത്തിനുവേണ്ടിയും പദ്ധതിയിൽ മാറ്റിവെച്ചിട്ടുണ്ട്.
ജലക്ഷാമം നേരിടുന്ന വിവിധ രാജ്യങ്ങളിൽ ജലവിതരണ ശൃംഖല രൂപപ്പെടുത്തുക, ആവശ്യക്കാർക്കുവേണ്ടി ഭവനപദ്ധതി നടപ്പാക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ കാമ്പയിനുകളും സംഘടിപ്പിക്കുമെന്ന് ഷാർജ ചാരിറ്റബ്ൾ സൊസൈറ്റിയുടെ ഇൻവെസ്റ്റ്മെന്റ് റിസോഴ്സസ് വിഭാഗം തലവൻ അലി മുഹമ്മദ് അൽ റാശിദി കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം നടന്ന റമദാൻ കാമ്പയിനിൽ ലഭിച്ച സംഭാവനകൾ ലക്ഷ്യംവെച്ച തുകയും കടന്നുപോയതായും അധികൃതർ വെളിപ്പെടുത്തി. 12.5 കോടി ദിർഹമാണ് കാമ്പയിനിൽ ലക്ഷ്യംവെച്ചിരുന്നത്. എന്നാൽ 12.9 കോടി കൈവരിക്കാൻ സാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

