ഷാർജയിൽ മലിന ജല സംസ്കരണ പ്ലാന്‍റ് വിപുലീകരിക്കുന്നു; 2027ൽ പദ്ധതി പൂർത്തിയാകും
text_fieldsഷാർജ: എമിറേറ്റിലെ വിവിധ താമസ മേഖലകളിലൂടെ കടന്നുപോകുന്ന പുതിയ ഓവുചാൽ ശൃംഖലകളുടെയും മലിന ജല സംസ്കരണ പ്ലാന്‍റിന്‍റെയും വിപുലീകരണം പ്രഖ്യാപിച്ചു. വാരാന്ത്യ റേഡിയോ പരിപാടിയായ ഡയറക്ട് ലൈനിൽ ഷാർജയിലെ പൊതുമരാമത്ത് ഡിപാർട്ട്മെന്റിന്റെ ജനറൽ സർവിസസ് ഡയറക്ടർ എൻജീനിയർ ഹിന്ദ് അൽ ഹാഷിമിയാണ് മലിന ജല പ്ലാന്‍റിന്‍റെ വിപുലീകരണം പ്രഖ്യാപിച്ചത്. നിരവധി വാണിജ്യ, താമസ മേഖലകൾക്ക് സമഗ്രമായ ഈ വിപുലീകരണ പദ്ധതി പ്രയോജനപ്പെടും. അടുത്ത വർഷത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്ന് അവർ പറഞ്ഞു. അൽ ഖൂസ്, അൽ റംസ, അൽ റമാഖിയ, അൽ സുവൈഹാത്ത് എന്നിവ ഉൾപ്പെടെയുള്ള താമസ മേഖലകളിൽ നിരവധി വികസന പദ്ധതികൾ അടുത്തിടെ പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. അഞ്ചാം വ്യവസായ മേഖലയിലുള്ള സംസ്കരണ പ്ലാന്‍റിന്‍റെ ശേഷി വികസിപ്പിക്കുന്ന പദ്ധതിയും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഭാവിയിൽ അൽ യാഷ്, മുവൈല മേഖലകളിൽ പുതിയ ഓവുചാൽ ശൃംഖലകൾ സ്ഥാപിക്കാൻ വകുപ്പ് ഒരുങ്ങുകയാണ്. 2027ന്‍റെ ആദ്യ പാദത്തിന്‍റെ തുടക്കത്തോടെ ഇവ പൂർണമായും പ്രവർത്തനക്ഷമമാവും.
അൽ ഗാഫിയ ജില്ലയിൽ ഓവുചാൽ ശൃംഖലയുടെ പ്രാഥമിക രൂപരേഖ ഇതിനകം തയ്യാറായിക്കഴിഞ്ഞു. പൊതുജനങ്ങളുടെ പ്രയാസം കുറക്കുന്നതിനായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി കൈകോർത്ത് സംയോജിതമായ റോഡ്, നെറ്റ്വർക്ക് വികസനവും എസ്.ഡി.പി.ഡബ്ല്യൂ നടപ്പിലാക്കും. പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാത്ത രൂപത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
മുവൈല വാണിജ്യ മേഖല, ഇൻഡസ്ട്രിയൽ ഏരിയ 15-17, യൂനിവേഴ്സിറ്റി സിറ്റി, അൽ ജുറൈന, അൽ ഖുറെയ്ൻ, അൽ നഊഫ് എന്നിവിടങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന അൽ ഹൗമ ട്രീറ്റ്മെന്റ് പ്ലാന്‍റ് വികസനത്തിനാണ് പദ്ധതിയുടെ പ്രധാന പരിഗണന. ആദ്യ ഘട്ടത്തിൽ പ്ലാന്‍റിന്‍റെ ശേഷി 30,000 ക്യൂബിക് മീറ്ററായി വികസിപ്പിച്ചിരുന്നു. ഇത് 90,000 ക്യൂബിക് മീറ്ററായി ഉയർത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

