You are here

ഷാര്‍ജയില്‍ നിന്നൊരു പിന്നണി ഗായിക- ഭാവന ബാബു

ഷാര്‍ജ: അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ നിന്ന് മലയാള പിന്നണി ഗാനരംഗത്തേക്ക് കടന്നിരിക്കുകയാണ് യു.എ.ഇ വേദികളെ തന്‍െറ മികവാര്‍ന്ന ശബ്ദം കൊണ്ട് അദഭുതപ്പെടുത്തിയ ഷാര്‍ജ ഒൗവര്‍ ഓണ്‍ ഇംഗ്ളീഷ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി ഭാവന ബാബു. ഏപ്രില്‍ മാസം റിലീസ് ചെയ്യുന്ന മലയാള ചലച്ചിത്രം 'ഞാന്‍ ഏകലവ്യന്‍' എന്ന സിനിമയിലാണ് ഭാവന പാടിയിരിക്കുന്നത്. ഗാനത്തിന്‍െറ റെക്കോര്‍ഡിങ് ഷാര്‍ജ സീന സ്റ്റുഡിയോയില്‍ വെച്ച് നടന്നു. രാമചന്ദ്രന്‍ ആനാരിയുടെ വരികള്‍ക്ക് അജയ് സരിഗമയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രതീഷ് റോയ് ആയിരുന്നു സൗണ്ട് എഞ്ചിനീയര്‍. ഷാര്‍ജയിലെ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന കണ്ണൂര്‍ പുതിയതെരു സ്വദേശി പാറമ്മല്‍ ബാബുവിന്‍െറയും പയ്യാവൂര്‍ സ്വദേശിനി ബിന്ദുവിന്‍െറയും മകളാണ് ഈ അനുഗ്രഹിത ഗായിക. നാലാം വയസില്‍ ഷാര്‍ജ കൈരളി ആര്‍ട്സ് സെന്‍ററിലെ കലാമണ്ഡലം മിനി രാധാകൃഷ്ണന്‍െറ കീഴില്‍ നൃത്തവും  എട്ടാം വയസില്‍ കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷിന്‍െറ കീഴില്‍ കര്‍ണാടക സംഗീതവും, പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണന്‍െറ ശിഷ്യന്‍ പണ്ഡിറ്റ് മോഹന്‍കുമാറിന്‍െറ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും  പഠിക്കാന്‍ ആരംഭിച്ച ഭാവനയുടെ കലാ സപര്യ ഇതിനകം 300 വേദികള്‍ പിന്നിട്ട് കഴിഞ്ഞു. 

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഭാവനയുടെ ചുണ്ടില്‍ പാട്ടിന്‍െറ പാലാഴി ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കഴിവുകള്‍ കണ്ടറിഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ മികച്ച പിന്തുണ തന്നെയാണ് ഭാവനയെ മലയാള സിനിമയുടെ പിന്നണി ഗാന രംഗത്ത് എത്തിച്ചിരിക്കുന്നത്. രാഗവും താളവും മുഖ്യധാരയില്‍ വരുന്ന കര്‍ണാടക സംഗീതത്തില്‍ കച്ചേരികള്‍ അവതരിപ്പിക്കുന്ന ഭാവന, സംഗീതങ്ങള്‍ കൂടി കലരുന്ന  ഫ്യൂഷന്‍ സംഗീത രംഗത്തും വെന്നികൊടി പാറിക്കുകയാണ്. പ്രശസ്തരായ നിരവധി ഗായകരോടൊപ്പം ഇതിനകം ഭാവന പാടി കഴിഞ്ഞു. ഗാനഗന്ധര്‍വന്‍ യേശുദാസ്, വിജയ് യേശുദാസ്, ബിജുനാരായണന്‍, സംഗീത സംവിധായകന്‍ ശ്യാം, ശ്രീകുമാരന്‍ തമ്പി, കല്ലറ ഗോപന്‍, പന്തളം ബാലന്‍, ഗായത്രി അശോക്, രൂപ രേവതി, നജീം അര്‍ഷാദ്, ഫ്രാങ്കോ തുടങ്ങിയവരോടൊപ്പമെല്ലാം നിരവധി തവണ പാടി തകര്‍ത്തിട്ടുണ്ട് ഭാവന. 
നെയ്യമൃത്, അലിങ്കീല്‍ ഭഗവതി, ദിവ്യാമൃതം, ശ്രീരാഗം, തിരുനെറ്റിക്കല്ല് തുടങ്ങിയ ഭക്തിഗാന ആല്‍ബങ്ങളിലൂടെ പുറത്ത് വന്ന ഭാവനയുടെ സ്വരമാധുരി ആസ്വാദകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചിരുന്നു. 

Loading...
COMMENTS