ഒമ്പത് ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കാൻ ഷാർജ
text_fieldsഷാർജ: റമദാനിൽ സൗജന്യമായി ഇഫ്താർ വിരുന്ന് നൽകുന്നതിനായി 135 ഇടങ്ങളിൽ റമദാൻ ടെന്റ് ഒരുക്കുമെന്ന് ഷാർജ ചാരിറ്റി അസോസിയേഷൻ അറിയിച്ചു. ഇത്തവണ റമദാനിൽ ഒമ്പത് ലക്ഷം പേരിലേക്ക് ഇഫ്താർ കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം. വരുമാനം കുറഞ്ഞ കുടുംബങ്ങൾ, തൊഴിലാളികൾ, ദുർബല വിഭാഗങ്ങൾ എന്നിവർക്ക് പോഷകസമൃദ്ധമായ ഭക്ഷണമെത്തിക്കുന്നതിനായി രൂപകൽപന ചെയ്ത ‘നോമ്പുകാർക്ക് ഇഫ്താർ’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് എല്ലാ വർഷവും സൗജന്യമായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത്.
ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിലായിരിക്കും റമദാൻ ടെന്റുകളും വിതരണ കേന്ദ്രവും സ്ഥാപിക്കുക. റമദാനിൽ ഏറ്റവും ആവശ്യക്കാരിലേക്ക് ഇഫ്താർ കിറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഷാർജ ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിം പറഞ്ഞു. സൂക്ഷ്മമായാണ് 135 റമദാൻ ടെന്റുകളുടെ ഇടങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ കിറ്റും ഉയർന്ന ആരോഗ്യ, സുരക്ഷ നിലവാരം പാലിക്കുന്നതാണെന്ന് ഉറപ്പുവരുത്തുന്നതിനായി അംഗീകൃത കിച്ചണുകളുമായി സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ഭക്ഷണം കൊണ്ടുപോകുമ്പോൾ നിലവാരം നിലനിർത്തുന്നതിനായി പ്രത്യേക കണ്ടയ്നറുകളും ഗതാഗത രീതികളുമാണ് സ്വീകരിക്കുക. കർശനമായ ശുചിത്വ, ഭക്ഷ്യ സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അംഗീകൃത കിച്ചണുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

