ഷാർജയിൽ 6.6ലക്ഷം ദിർഹം കവർന്ന സംഘത്തെ പിടികൂടി
text_fieldsഷാർജ: ഷാർജ വ്യവസായ മേഖലയിലെ സ്ക്രാപ് കച്ചവടക്കാരെൻറ അപ്പാർട്മെൻറിൽ നിന്ന് 6,60,000 ദിർഹം മതിക്കുന്ന വിവിധ രാജ്യങ്ങളുടെ കറൻസികൾ മോഷ്ടിച്ച ദക്ഷിണേഷ്യൻ സംഘത്തെ പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഷാർജ പൊലീസ് പിടികൂടി. പ്രതികളിൽ നിന്ന് ഇൗ പണം കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം മുസാബെ അൽ അജിൽ പറഞ്ഞു.
കച്ചവടക്കാരൻ ഇല്ലാത്ത തക്കം നോക്കി അപ്പാർട്മെൻറിലെത്തിയ പ്രതികൾ പണം സൂക്ഷിച്ച സേഫ് കടത്തിക്കൊണ്ടു പോകുകയായിരുന്നു. വിജന മരുഭൂമിയിൽ വെച്ച് സേഫ് തകർത്ത് അതിനകത്തുണ്ടായിരുന്ന 6.6ലക്ഷം ദിർഹം വിലമതിക്കുന്ന വിവിധ രാജ്യങ്ങളുടെ കറൻസികൾ പങ്കിട്ടെടുത്തു. ഉച്ചവിശ്രമത്തിന് താമസസ്ഥലത്തെത്തിയ കച്ചവടക്കാരൻ പണം സൂക്ഷിച്ച സേഫ് കാണാതെ ഞെട്ടി. ഉടൻ പൊലീസിൽ വിളിച്ച് പരാതി നൽകുകയായിരുന്നു. പ്രതികൾക്കായി വിരിച്ച വലയിൽ ഒരാൾ അകപ്പെട്ടതോടെ മറ്റു പ്രതികളെ പെട്ടെന്ന് കണ്ടെത്താനും ഇവരുടെ പക്കൽ നിന്ന് മോഷണ മുതൽ കണ്ടെത്താനുമായി.
കണ്ടെടുത്ത പണം കച്ചവടക്കാരന് കൈമാറി. വീട്ടിൽ പരിധിയിലധികം പണം സൂക്ഷിക്കുന്നത് ആശ്വാസ്യമല്ല എന്ന് ഡയറക്ടർ ചൂണ്ടിക്കാടി. വാഹനം,പാർപ്പിടം,സ്ഥാപനം എന്നിവിടങ്ങളിൽ ഒരിക്കലും പരിധിയിലധികം പണമോ, പണ്ടമോ സൂക്ഷിക്കരുതെന്നും ഇത്തരം മോഷണങ്ങൾ സംഭവിക്കാൻ അത്തരം പ്രവർത്തനങ്ങൾ കാരണമായി തീരുമെന്നും അജിൽ ഓർമിപ്പിച്ചു. കൃത്യ സമയത്ത് പരാതി നൽകാൻ ഇരകൾ മടിക്കരുതെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ബ്രിഗേഡിയർ അൽ അജിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
