ഷാർജ കെട്ടിടങ്ങളിൽ അഗ്നിപ്രതിരോധം ശക്തമാക്കുന്നു
text_fieldsഷാർജയിൽ പുറംപാളികൾ കത്തിയമർന്ന കെട്ടിടം (ഫയൽ ചിത്രം)
ഷാർജ: കെട്ടിടങ്ങളിൽ അഗ്നിപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ പദ്ധതിയുമായി ഷാർജ അധികൃതർ. കെട്ടിടങ്ങളുടെ പുറംഭാഗങ്ങളിൽ തീപടരുന്നത് ഒഴിവാക്കുന്നതിന് മുൻഗണന നൽകിയുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി വേഗത്തിൽ തീപിടിക്കുന്ന അലൂമിനിയം പുറംപാളികൾ മാറ്റിസ്ഥാപിക്കുന്നത് ഉടൻ ആരംഭിക്കും.
റെസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങളിലെ തീപിടിത്തം കുറക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതിന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 10 കോടി ദിർഹം അനുവദിച്ചു.
എമിറേറ്റിലെ 40 കെട്ടിടങ്ങളുടെ അലൂമിനിയം പുറംപാളികളാണ് തുടക്കത്തിൽ മാറ്റിസ്ഥാപിക്കുക. അലൂമിനിയം ക്ലാഡിങ്ങുകൾ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ളതും മിനിറ്റുകൾക്കകം തീപടരാൻ കാരണമാകുന്നതുമാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2016ൽ വലിയ കെട്ടിടങ്ങളിൽ ഇത് ഉപയോഗിക്കുന്നത് ഷാർജ മുനിസിപ്പാലിറ്റി നിരോധിച്ചിരുന്നു.
എന്നാൽ, നിലവിലുള്ള കെട്ടിടങ്ങളിലേത് മാറ്റിയിരുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ എമിറേറ്റിലെ ഉയർന്ന കെട്ടിടങ്ങളിൽ പലതവണ അഗ്നിബാധയുണ്ടായി. ഇതിലെല്ലാം പുറംപാളികളിൽ അതിവേഗം തീപടർന്നത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യം വിലയിരുത്തിയാണ് അധികൃതർ പുതിയ നടപടി സ്വീകരിച്ചത്.
റസിഡൻഷ്യൽ ടവറുകളും സ്വകാര്യ, സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടങ്ങളും അടക്കം ആകെ 203 ഇടങ്ങളിൽ തീപിടിക്കുന്ന ക്ലാഡിങ് സംവിധാനമുള്ളതായി അധികൃതർ കണ്ടെത്തി. ഇവയിലെല്ലാം തീപിടിത്തത്തെ പ്രതിരോധിക്കുന്നതും അതിവേഗം പടരാത്തതുമായ സംവിധാനം ഘട്ടംഘട്ടമായി സ്ഥാപിക്കാനാണ് തീരുമാനം.
ഷാർജ സർക്കാർ ചെലവ് വഹിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. താമസക്കാരുടെ സുരക്ഷക്കാണ് മുൻഗണനയെന്നും അതിനാലാണ് കത്തുന്ന ക്ലാഡിങ് മാറ്റിസ്ഥാപിക്കുന്നതെന്നും ഷാർജ മുനിസിപ്പാലിറ്റിയിലെ എൻജിനീയറിങ്, ബിൽഡിങ് വകുപ്പ് ഡയറക്ടർ ഖലീഫ അഇ സുവൈദി പറഞ്ഞു. തിങ്കളാഴ്ച പ്രദേശിക റേഡിയോ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

