സിറ ഖോർഫക്കൻ ദ്വീപ് പുരാവസ്തു സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു
text_fieldsഷാർജ: എമിറേറ്റിലെ സിറ ഖോർഫക്കൻ ദ്വീപ് അധികൃതർ പുരാവസ്തു സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു. പുരാതനകാലം മുതൽ ഈ പ്രദേശത്ത് മനുഷ്യവാസമുണ്ടായിരുന്നതിന്റെ അടയാളങ്ങൾ ഷാർജ ആർക്കിയോളജി അതോറിറ്റി കണ്ടെത്തിയിരുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള ഖോർഫക്കൻ നഗരത്തിന് അപ്പുറം ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്താണ് പ്രാചീന മനുഷ്യവാസകേന്ദ്രം കണ്ടെത്തിയത്.
പാർപ്പിടകെട്ടിടങ്ങൾ, കാർഷിക ടെറസുകൾ, ശ്മശാനങ്ങൾ, പർവതത്തിന്റെ മുകളിൽ നിരീക്ഷണ പ്രദേശം എന്നിവയുമുണ്ട്. കൂടാതെ വടക്കുനിന്ന് തെക്കുവരെ നീളുന്ന തീര പ്രദേശത്ത് വിവിധ സന്ദർഭങ്ങളിൽ മൺപാത്രങ്ങളും കടലിന് അഭിമുഖമായി ചതുരാകൃതിയിലുള്ള കെട്ടിടവും കണ്ടെത്തിയിട്ടുണ്ട്. ദ്വീപിലെ കുടിയേറ്റ കാലഘട്ടത്തെ ഷാർജ ആർക്കിയോളജി അതോറിറ്റി രണ്ട് ഘട്ടങ്ങളായാണ് തരംതിരിച്ചത്. ആദ്യത്തേത് എ.ഡി 13 മുതൽ 16 വരെയും രണ്ടാമത്തേത് എ.ഡി 18 മുതൽ 19 വരെയുമാണ്.
ദ്വീപിലെ ചരിത്രകാലഘട്ടങ്ങളെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ 13ാം നൂറ്റാണ്ടിലെ മൺപാത്രങ്ങളും 14 മുതൽ 16ാം നൂറ്റാണ്ടിലെ സെലഡോണും ദക്ഷിണ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത പതിനാറാം നൂറ്റാണ്ടിലെ മൺപാത്രങ്ങളും ഉൾപ്പെടും. ഇതിനുപുറമെ ചെമ്പ് ഉപയോഗിച്ച് നിർമിച്ച കൽതടത്തിന്റെ അടിത്തറയുടെ ഒരുഭാഗവും അതോറിറ്റി കണ്ടെത്തി. ഒമാൻ കടലിലെ ഗതാഗതം നിരീക്ഷിക്കാൻ വേണ്ടിയാണ് ഇത് ദ്വീപ് ഉപയോഗിച്ചതെന്നാണ് ആർക്കിയോളജി അധികൃതരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

