ഇന്ത്യൻ വിദ്യാർഥിയുടെ മരണം; രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാർ
text_fieldsഷാർജ: ഇന്ത്യൻ വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാരാണെന്ന് വിധിച്ച് ഷാർജ അപ്പീൽ കോടതി. പ്രതികൾ വിദ്യാർഥിയുടെ കുടുംബത്തിന് രണ്ടു ലക്ഷം ദിർഹം ദിയാധനം നൽകണമെന്നും കോടതി വിധിച്ചു. നേരത്തേ പ്രതികളെ കുറ്റമുക്തമാക്കിയ കീഴ്കോടതി വിധി റദ്ദാക്കിയാണ് അപ്പീൽ കോടതി വിധി പറഞ്ഞത്. പ്രതികൾ 2000 ദിർഹം പിഴ അടക്കുകയും വേണം. എട്ട് വയസ്സുകാരനായ റാശിദ് ഹബീബ് മരിച്ച സംഭവത്തിൽ ചൊവ്വാഴ്ചയാണ് ഷാർജ കോടതി വിധി പ്രസ്താവിച്ചത്.
ഒരു വർഷം മുമ്പ് മുവൈലയിലെ സി.ബി.എസ്.ഇ സ്കൂളിലാണ് സംഭവം. റമദാൻ ആദ്യദിനത്തിൽ സ്കൂളിലെത്തിയ വിദ്യാർഥി ക്ലാസിലേക്ക് നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജീവനക്കാർ ചേർന്ന് അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ഫോറൻസിക് റിപ്പോർട്ടിൽ കുട്ടിയുടെ മുഖത്ത് ചതവും താടിയെല്ലിന് പൊട്ടലും തലച്ചോറിന് ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവും ഉണ്ടായതായി കണ്ടെത്തി. കൂടാതെ മറ്റൊരു വിദ്യാർഥി കുട്ടിയെ മർദിക്കാൻ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുകയും ചെയ്തു.
ഗ്രേഡ് ഒന്നിൽ പഠിക്കുന്ന വിദ്യാർഥി സ്കൂൾ ബസിറങ്ങുന്നത് മുതൽ ജീവനക്കാർ അനുഗമിക്കുകയോ നിരീക്ഷിക്കുകയോ ചെയ്തിരുന്നില്ലെന്നും വിദ്യാർഥിക്ക് സുരക്ഷ ഒരുക്കുന്നതിൽ അവർ പരാജയപ്പെട്ടതായും സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോടതിക്ക് ബോധ്യപ്പെട്ടു. കൃത്യനിർവഹണത്തിൽ ജീവനക്കാർ കാണിച്ച അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയ കോടതി കീഴ്കോടതിയുടെ വിധി റദ്ദാക്കുകയും പ്രതികൾ കുറ്റക്കാരാണെന്ന് വിധിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

