‘ആഡംബര കാറുകൾ കാട്ടി അഹങ്കരിക്കരുത്’; കടക്കെണിയിൽ പെടരുതെന്ന് യുവാക്കളോട് ഷാർജ ഭരണാധികാരി
text_fieldsഷാർജ: വിലകൂടിയ ആഡംബര കാറുകൾക്ക് പിന്നാലെ പാഞ്ഞ് കടക്കെണിയിലും തവണ വ്യവസ്ഥകളിലും ചെന്നുപെടാതെ വിദ്യാഭ്യാസം നേടുന്നതിനും ഭാവിയെ കരുപ്പിടിപ്പിച്ച് കുടുംബം പുലർത്തുന്നതിനും യുവാക്കൾ മുൻഗണന നൽകണമെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ആഗോള യൂത്ത് ദിനത്തോടനുബന്ധിച്ച് ‘ഡയറക്ട് ലൈൻ’ പരിപാടിയിലൂടെ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം യുവാക്കൾക്ക് ഈ ഉപദേശം നൽകിയത്.
‘താങ്ങാൻ കഴിയാത്തത്ര വിലകൂടിയ കാറുകൾ വാങ്ങി ഗഡുക്കളിലും കടങ്ങളിലും മറ്റ് സാമ്പത്തിക ബാധ്യതകളിലും പെട്ടുപോവരുത്. ഇത്തരം അഹങ്കാരങ്ങളിൽ നിന്നും പൊങ്ങച്ചപ്രകടനങ്ങളിൽ നിന്നും യുവാക്കൾ മാറിനിൽക്കണം’ -ശൈഖ് സുൽത്താൻ പറഞ്ഞു. തൊഴിൽ രംഗത്തെ വളർച്ചക്ക് ഉന്നത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വളരെ വലുതാണ്. ഡിപ്ലോമ, മാസ്റ്റേഴ്സ്, പി.എച്ച്.ഡി തുടങ്ങിയ യോഗ്യതകൾ തൊഴിൽ തലത്തിൽ വലിയ പുരോഗതി നേടാൻ സഹായിക്കും. അതുകൊണ്ട് വിദ്യാഭ്യാസം മുറുകെ പിടിക്കാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
ആഗോള യൂത്ത് ദിനത്തിൽ തന്നെയാണ് ഷാർജയിലെ വിദ്യാഭ്യാസ മേഖലക്ക് പിന്തുണ പ്രഖ്യാപിച്ച് അൽ ഖാസിമിയ സർവകലാശാലയിൽ 2026-2027 അക്കാദമിക് വർഷത്തേക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി 470 സ്കോളർഷിപ്പുകൾ ശൈഖ് സുൽത്താൻ അംഗീകരിച്ചത്. ഇതിനുപുറമെ, നഴ്‌സറികളും കിന്‍റർഗാർട്ടനുകളും ഏകോപിപ്പിച്ച് കുട്ടികൾക്കായി പുതിയ ‘ഏർലി ചൈൽഡ്ഹുഡ് സെന്‍ററുകൾ’ ആരംഭിക്കാനുള്ള പദ്ധതികൾക്കും ഷാർജ അടുത്തിടെ തുടക്കമിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

