ഫുട്ബാൾ ടീമിന് രണ്ടുകോടി അനുവദിച്ച് ഷാർജ ഭരണാധികാരി
text_fieldsഎ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കിരീടം ചൂടിയ ഷാർജ ഫുട്ബാൾ ക്ലബ് ടീം അംഗങ്ങൾ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്കൊപ്പം
ഷാർജ: യു.എ.ഇയുടെ ചരിത്രത്തിൽ ആദ്യമായി എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കിരീടം ചൂടിയ ഷാർജ ഫുട്ബാൾ ക്ലബ് ടീം അംഗങ്ങൾക്ക് രണ്ട് കോടി ദിർഹം അനുവദിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
സിംഗപ്പൂരിലെ ബിഷാൻ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ആവേശകരമായ മത്സരത്തിലാണ് സിംഗപ്പൂരിന്റെ ലയൺ സിറ്റി സെയിലേഴ്സിനെതിരെ 2-1ന് ടീം തോൽപിച്ച് ക്ലബ് ചരിത്രവിജയം നേടിയത്. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഷാർജ ഒരു കോണ്ടിനെന്റൽ കിരീടം നേടുന്നത്.
പുതുതായി ഫോർമാറ്റ് ചെയ്ത എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിലാണ് കിരീടനേട്ടം. ഷാർജയിലെ അൽ ബദീഅ് കൊട്ടാരത്തിൽ ടീമംഗങ്ങൾക്ക് ശൈഖ് സുൽത്താൻ ചൊവ്വാഴ്ച സ്വീകരണമൊരുക്കിയിരുന്നു. ക്ലബ് ടീമിലെ കളിക്കാരെയും അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ സ്റ്റാഫിനെയും അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു. അന്താരാഷ്ട്ര വേദികളിൽ കായിക നേട്ടങ്ങൾ കൈവരിക്കുന്നതിന് തുടർച്ചയായ പരിശ്രമവും സമർപ്പിത പ്രവർത്തനവും വേണമെന്നും അദ്ദേഹം പറഞ്ഞു.
യുവതാരങ്ങളെ ബോധവത്കരിക്കുക, കായികക്ഷമത പ്രോത്സാഹിപ്പിക്കുക, ഫുട്ബാളിന്റെ കളിക്കാർ മുതൽ അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ സ്റ്റാഫ്, ആരാധകർ വരെയുമുള്ള എല്ലാവർക്കും ഇടയിൽ സഹകരണം വളർത്തിയെടുക്കുക എന്നതും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

