പ്രസിഡന്റ്സ് കപ്പ് വിജയികൾക്ക് കോടി ദിർഹം പ്രഖ്യാപിച്ച് ശൈഖ് സുൽത്താൻ
text_fieldsയു.എ.ഇ പ്രസിഡന്റ്സ് കപ്പ് മത്സരത്തിൽ കിരീടം ചൂടിയ ഷാർജ ഫുട്ബാൾ ക്ലബ് അംഗങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്ന ശൈഖ് സുൽത്താൻ
ദുബൈ: യു.എ.ഇ പ്രസിഡന്റ്സ് കപ്പ് മത്സരത്തിൽ കിരീടം ചൂടിയ ഷാർജ ഫുട്ബാൾ ക്ലബിന് ഒരു കോടി ദിർഹം സമ്മാനം പ്രഖ്യാപിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ടീമംഗങ്ങൾക്ക് അൽ ബദീഅ് കൊട്ടാരത്തിൽ പ്രത്യേക സ്വീകരണവും ഒരുക്കി.
ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരും സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്ലബിന്റെ ചരിത്രത്തിൽ പത്താം തവണയാണ് പ്രസിഡന്റ്സ് കപ്പ് കിരീടം ചൂടുന്നത്. തുടർച്ചയായി രണ്ടാം തവണയും വിജയിച്ച നേട്ടവും ഇത്തവണ ആഹ്ലാദം ഇരട്ടിയാക്കി. ഈ സാഹചര്യത്തിലാണ് വൻതുക സമ്മാനമായി പ്രഖ്യാപിച്ചത്.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷാർജ ടീമംഗങ്ങളെയും മാനേജ്മെന്റിനെയും പരിശീലകരെയും ഉൾപ്പെടെ സ്വീകരണ ചടങ്ങിൽ ശൈഖ് സുൽത്താൻ അഭിനന്ദിച്ചു. ക്ലബിന്റെ വിജയത്തിന് കാരണമാകുന്ന നിരന്തര പിന്തുണക്ക് ക്ലബ് അംഗങ്ങൾ അദ്ദേഹത്തിനും നന്ദി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച അബൂദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ അൽഐൻ ക്ലബിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഷാർജ ക്ലബ് പ്രസിഡന്റ്സ് കപ്പ് കിരീടം നേടിയത്. മത്സരത്തിന്റെ രക്ഷാധികാരിയായ യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനെ ശൈഖ് സുൽത്താൻ നന്ദിയും അഭിനന്ദനവും അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

