Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉഷാറായി ഷാർജ റിയൽ എസ്റ്റേറ്റ് മേഖല

text_fields
bookmark_border
ഒമ്പത് മാസത്തിനിടെ 4,680 കോടി ദിർഹമിന്‍റെ ഇടപാടുകൾ
ഉഷാറായി ഷാർജ റിയൽ എസ്റ്റേറ്റ് മേഖല
cancel

ഷാർജ: 2026ന്‍റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലക്ക് വൻ വളർച്ച. ഈ കാലയളവിൽ ആകെ 4,680 കോടി ദിർഹമിന്‍റെ പണമിടപാടുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലിത് 4,430 കോടി ദിർഹമായിരുന്നു. നിക്ഷേപകർക്ക് ഷാർജ വിപണിയിലുള്ള വിശ്വാസവും മേഖലയുടെ സ്ഥിരതയുമാണ് 5.6 ശതമാനത്തിന്‍റെ വളർച്ച തെളിയിക്കുന്നത്.

ആകെ ഇടപാടുകളുടെ എണ്ണത്തിൽ 14 ശതമാനത്തിന്‍റെ വർധനവുണ്ടായി. കഴിഞ്ഞ വർഷത്തെ 80,320 ഇടപാടുകളിൽനിന്ന് ഇത്തവണ അത് 91,560 ആയി ഉയർന്നു. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപാർട്മെന്‍റ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഉടമസ്ഥാവകാശ രേഖകളിലും വിൽപന കരാറുകളിലും വലിയ വർധനവുണ്ട്. 34,420 ടൈറ്റിൽ ഡീഡ് (ഉടമസ്ഥാവകാശ) ഇടപാടുകളും 11,258 പ്രാഥമിക വിൽപന കരാറുകളും നടന്നു. 31 ധനകാര്യ സ്ഥാപനങ്ങൾ വഴി 1,020 കോടി ദിർഹം മൂല്യമുള്ള 3,839 പണയ ഇടപാടുകളും നടന്നു.

ഒമ്പത് മാസത്തിനിടെ 3,500 കോടി ദിർഹം മൂല്യമുള്ള 24,749 വിൽപന ഇടപാടുകളാണ് നടന്നത്. ആകെ 13.8 കോടി ചതുരശ്ര അടി വിസ്തൃതിയുള്ള വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് ‘മുവൈല കമേർഷ്യൽ’ മേഖലയിലാണ്. ആകെ ഇടപാടുകളിൽ 80.5 ശതമാനവും (19,910 എണ്ണം) പാർപ്പിട ആവശ്യത്തിനായുള്ള വീടുകളും ഫ്ലാറ്റുകളുമാണ്. വ്യാവസായിക (14.2 ശതമാനം), വാണിജ്യ (5.2 ശതമാനം), കാർഷിക (0.1 ശതമാനം) ആവശ്യങ്ങൾക്കുള്ള വസ്തുക്കളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

ഈ വർഷം പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലായി 22 പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളാണ് ഷാർജയിൽ പുതുതായി രജിസ്റ്റർ ചെയ്തത്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കൃത്യമായ മാർഗനിർദേശങ്ങളാണ് ഈ വളർച്ചക്ക് കാരണമെന്ന് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപാർട്മെന്‍റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അഹമ്മദ് അൽ ശംസി പറഞ്ഞു. സേവനങ്ങൾ ഡിജിറ്റലാക്കുന്നതും നടപടികൾ എളുപ്പമാക്കുന്നതും വിപണിയുടെ കരുത്ത് കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharjah Real Estate Sector is Booming
Next Story