ശതാബ്ദി നിറവിൽ ഷാർജ പബ്ലിക് ലൈബ്രറി
text_fieldsഷാർജ പബ്ലിക് ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങൾ പ്രഖ്യാപിക്കുന്ന ചടങ്ങിൽ ശൈഖ് സുൽത്താനും ശൈഖ ബുദൂറും
ഷാർജ: എമിറേറ്റിൽ സംസ്കാരികവും ബൗദ്ധികവുമായ ചിന്താധാരകൾക്ക് ശക്തിപകർന്ന ഷാർജ പബ്ലിക് ലൈബ്രറി ശതാബ്ദി നിറവിൽ. ലൈബ്രറിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ ഷാർജ ഭരണകൂടം പ്രഖ്യാപിച്ചു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശമനുസരിച്ച് ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻ സുൽത്താൻ അൽ ഖാസിമിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുക.
ജനുവരി 29ന് അൽ ഹിസാനിലെ ഷാർജ ഫോർട്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമാവും. എമിറേറ്റിലെ സാംസ്കാരിക നേട്ടങ്ങൾ പ്രതിഫലിക്കുന്നതാവും 29ന് നടക്കുന്ന പരിപാടി.
1925ൽ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമിയുടെ ഭരണകാലത്താണ് ഷാർജയിൽ പബ്ലിക് ലൈബ്രറി സ്ഥാപിതമാകുന്നത്. 2011ൽ എസ്.പി.എൽ എന്ന് പുനർനാമകരണം ചെയ്യുകയും പ്രശസ്തമായ കൾചറൽ സ്ക്വയറിലേക്ക് മാറുകയും ചെയ്ത പബ്ലിക് ലൈബ്രറി എമിറേറ്റിന്റെ ബൗദ്ധികവും സാംസ്കാരികവുമായ യാത്രയുടെ ആണിക്കല്ലായാണ് വർത്തിക്കുന്നത്. ശതാബ്ദി ആഘോഷങ്ങൾക്കായി തയാറാക്കുന്ന സമഗ്രപദ്ധതികളുടെ ഭാഗമായി എമിറേറ്റിലെ സമ്പന്നമായ ചരിത്രം, സാംസ്കാരിക മേഖലയിൽ തുടരുന്ന പങ്ക്, യുവതലമുറയെ വാർത്തെടുക്കുന്നതിൽ ഭാവി കാഴ്ചപ്പാടുകൾ എന്നിവ ഉയർത്തിക്കാട്ടും. ഒരു വർഷം നീളുന്ന പരിപാടികളിൽ 13 സർക്കാർ സ്ഥാപനങ്ങൾ സഹകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

