വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം തടവും ലക്ഷം ദിര്‍ഹം പിഴയും
text_fieldsഷാര്‍ജ: സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹമില്‍ കുറയാത്ത പിഴയും ലഭിക്കുമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ബോധവല്‍ക്കരണ വീഡിയോയിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജ വാര്‍ത്തകളും തെറ്റിദ്ധാരണാജനകമായ ദൃശ്യങ്ങളും യാതൊരുവിധ പരിശോധനയും നടത്താതെ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറുന്ന പ്രവണത സമൂഹത്തില്‍ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നുണ്ടെന്ന് വീഡിയോ ചൂണ്ടിക്കാണിക്കുന്നു.
ഒരൊറ്റ സന്ദേശം പോലും നൂറുകണക്കിന് ആളുകളില്‍ മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക സുസ്ഥിരതയെ തകര്‍ക്കുമെന്നും ഷാര്‍ജ പൊലീസ് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ മേജര്‍ സൗദ് അല്‍ ശൈബ വ്യക്തമാക്കി.
വ്യാജ വാര്‍ത്തകളും കിംവദന്തികളും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നത് സൈബര്‍ കുറ്റകൃത്യങ്ങളും വ്യാജ വാര്‍ത്തകളും തടയുന്നതുമായി ബന്ധപ്പെട്ട നിയമ പ്രകാരം ഗുരുതരമായ കുറ്റമാണെന്നും, ഇതിന് കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുമെന്ന് പൊലീസ് ഓർമിപ്പിച്ചു.
പൗരന്മാരും താമസക്കാരും വിവരങ്ങള്‍ കൈമാറുന്നതില്‍ ജാഗ്രത പാലിക്കണം. വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താന്‍ ഔദ്യോഗിക സ്രോതസ്സുകളെയും അംഗീകൃത വാര്‍ത്താ മാധ്യമങ്ങളെയും ആശ്രയിക്കണമെന്നും നിർദേശിച്ചു. ഉത്തരവാദിത്തപരമായ ഡിജിറ്റല്‍ പെരുമാറ്റം ഓരോരുത്തരുടെയും കടമയാണ്. ഒരു തെറ്റായ സന്ദേശം പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഷാര്‍ജ പൊലീസ് കൂട്ടിച്ചേര്‍ത്തു.

