അൽ ദൈദിൽ എട്ടുവരി പാലം തുറന്നു; മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് കടന്നുപോകാം
text_fieldsഷാർജ: അൽ ദൈദ് കവാടത്തിൽ എട്ടുവരിപ്പാതയുള്ള പുതിയ പാലം ഷാർജ തുറന്നുകൊടുത്തു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം നിർമിച്ച 320 മീറ്റർ നീളമുള്ള പാലം തിങ്കളാഴ്ചയാണ് ഗതാഗതത്തിനായി തുറന്നത്. മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാലത്തിന് 50 മീറ്റർ വീതിയും 2.3 കിലോമീറ്റർ അപ്രോച്ച് റോഡുമുണ്ട്. ഷാർജ ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്‍റേഷൻ അതോറിറ്റിയും (മുബാദറ) ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും സംയുക്തമായാണ് പദ്ധതി പൂർത്തിയാക്കിയത്.
ഭാരവാഹനങ്ങൾക്കായി പ്രത്യേക റാമ്പുകളും ജബൽ ഉമർ, അൽ തയ്യിബ, തൽ അൽ സഅഫറാൻ എന്നീ സമീപ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി പാലത്തിന് താഴെ 108 മീറ്റർ നീളമുള്ള ക്രോസിങ്ങുകളും നിർമിച്ചിട്ടുണ്ട്. കാൽനടയാത്രക്കാർക്കായി അഞ്ച് മീറ്റർ വീതിയുള്ള നടപ്പാതയും, അൽ ദൈദിന്‍റെയും വരാനിരിക്കുന്ന തടാകത്തിന്‍റെയും മനോഹര ദൃശ്യങ്ങൾ കാണുന്നതിനായി എട്ട് വ്യൂവിങ് പ്ലാറ്റ്‌ഫോമുകളും പാലത്തിലുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനായി നാല് ലിഫ്റ്റുകളും നാല് എമർജൻസി കോണിപ്പടികളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ അടുത്ത ഘട്ടമായി നിർമിക്കുന്ന 4.6 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ ദൈദ് തടാകത്തിന്‍റെ നിർമാണം 2027 മൂന്നാം പാദത്തിൽ പൂർത്തിയാകും. 2.3 കിലോമീറ്റർ നീളവും 200 മീറ്റർ വീതിയും മൂന്ന് മീറ്റർ ആഴവുമുള്ള തടാകത്തിന് ഏകദേശം 40 കോടി ഗാലൻ ജലം സംഭരിക്കാൻ ശേഷിയുണ്ടാകും. ഒളിമ്പിക് തുഴച്ചിൽ മത്സരങ്ങളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് പാലത്തിന്‍റെ തൂണുകൾക്കിടയിലുള്ള അകലം 40 മീറ്ററായി നിശ്ചയിച്ചിരിക്കുന്നത്. തടാകത്തിന് ചുറ്റും 5.4 കിലോമീറ്റർ റോഡും, 5.2 കിലോമീറ്റർ വീതമുള്ള സൈക്കിൾ-നടപ്പാതകളും, 775 പാർക്കിങ് ഇടങ്ങളും ഒരുങ്ങും.
മഴവെള്ളം സംഭരിക്കുന്നതിനായി 2.6 കിലോമീറ്റർ നീളമുള്ള കനാലും മൂന്ന് ചെറിയ തടാകങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. ഇതിനുപുറമെ തടാകത്തോട് ചേർന്ന് 2.5 കിലോമീറ്റർ വിസ്തൃതിയിൽ ഹരിതവനവും വികസിപ്പിക്കും. 177 അലങ്കാര വിളക്കുകാലുകളും 225 എൽ.ഇ.ഡി ലൈറ്റുകളും ഉൾപ്പെടുത്തിയാണ് ഇവിടെ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അൽ ദൈദിലെ ഇത്തിഹാദ് റെയിൽ സ്റ്റേഷനെ പ്രധാന ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകളുമുണ്ട്.

