അനന്തപുരി പ്രവാസി കൂട്ടായ്മ ഓണാഘോഷം 15ന്; ‘അനന്തം പൊന്നോണം 2026’ പോസ്റ്റർ പ്രകാശനം
text_fieldsഷാർജ: യു എ ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷമായ ‘അനന്തം പൊന്നോണം 2026’ നവംബർ 15ന് ഷാർജ ലുലു സെന്‍റർ മാളിലെ ആർ.കെ. കൺവെൻഷൻ സെന്‍ററിൽ നടക്കും. ഓണാഘോഷത്തിന്‍റെ ബ്രോഷർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന് നൽകി നാദാപുരം എം.എൽ.എ കെ.എം. അഭിജിത് പ്രകാശനം ചെയ്തു.
ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീം, ട്രഷറർ ജിബി ബേബി, സെക്രട്ടറി അഡ്വ. അൻസാർ താജ്, ജോ. ട്രഷറർ അനിലാൽ കടയ്ക്കൽ, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗവും അനന്തപുരി പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറിയുമായ അഭിലാഷ് രത്‌നകരൻ എന്നിവർ പങ്കെടുത്തു. കൂട്ടായ്മയുടെ ഭാരവാഹികളായ നവാസ് തേക്കട, രഞ്ജി കെ. ചെറിയാൻ, ഷഫീഖ് വെഞ്ഞാറമൂട്, ബിജോയ് ദാസ്, ജ്യോതി ലക്ഷ്മി, വനിതാ വിഭാഗം കൺവീനർ പ്രസീത ടീച്ചർ, ഷൈനി ഖാൻ, അമൃത ഷൈൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പിന്നണിഗായകർ പങ്കെടുക്കുന്ന ഗാനമേള, ഘോഷയാത്ര, ചെണ്ടമേളം, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും. രാവിലെ ഒമ്പതുമണി മുതൽ രാത്രി 10 മണി വരെ നീളുന്ന പരിപാടിയിൽ പായസ മത്സരം, തിരുവാതിര മത്സരം എന്നിവയും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ ഖാൻ പാറയിലും ജനറൽ കൺവീനർ വിനിഷും അറിയിച്ചു.

