ഷാർജ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്നു
text_fieldsയാത്ര മുടങ്ങിയതോടെ ദുരിതത്തിലായ എയർ ഇന്ത്യൻ എക്സ്പ്രസ് യാത്രക്കാർ
ഷാർജ: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകി. ബുധനാഴ്ച പുലർച്ചെ യു.എ.ഇ സമയം 2.30ന് പുറപ്പെടേണ്ട IX 356 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മണിക്കൂറോളം വൈകിയത്. ഒരു മണിക്കൂർ വൈകുമെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് പുലർച്ചെ 3.30ന് യാത്രക്കാരെ കയറ്റി റൺവേയിൽ ടേക്ക് ഓഫിന് തയ്യാറെടുക്കവെയാണ് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് വന്നത്. ഇതോടെ മുഴുവൻ യാത്രക്കാരേയും ഷാർജ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറിക്കി. 170ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇവർക്ക് രാവിലെ ഭക്ഷണം വിതരണം ചെയ്തിരുന്നു. എന്നാൽ, വിമാനം എപ്പോൾ യാത്രപുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം റാസൽ ഖൈമയിൽ റദ്ദാക്കിയ എയർ ഇന്ത്യൻ എക്സ്പ്രസ് യാത്രക്കാരും വിമാനത്തിലുണ്ട്.
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം രാവിലെ 11.30ന് വീണ്ടും ബോർഡിങ് ആരംഭിച്ചെങ്കിലും വിമാനത്തിനകത്ത് എയർ കണ്ടീഷൻ പ്രവർത്തിച്ചിരുന്നില്ല. ഇതു മൂലം അസ്വസ്ഥത അനുഭവപ്പെട്ട കിടപ്പു രോഗിയെ തിരിച്ചിറക്കേണ്ടി വന്നു. ഇദ്ദേഹത്തിന്‍റെ നില കൂടുതൽ മോശമായതോടെ ഷാർജയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ഇയാളുടെ ലഗേജ് വിമാനത്തിൽ നിന്ന് തിരിച്ചിറക്കാനായി ഒരു മണിക്കൂറിലധികം പിന്നെയും വൈകുമെന്ന അറിയിപ്പാണ് അധികൃതർ നൽകിയത്. അൽപനേരത്തിന് ശേഷം യാത്രക്കാരോട് വീണ്ടും വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ക്ഷുഭിതരായ യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാതെ ബഹളം പ്രതിഷേധിച്ചു. തുടർന്ന് വിഷയത്തിൽ ഷാർജ വിമാനത്താവള അധികൃതർ ഇടപെടുകയും ബുധനാഴ്ച രാത്രി 12 മണിയോടെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

