ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsനാലാമത് സീതി ഹാജി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിലെ വിജയികൾ
ഷാർജ: ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച നാലാമത് സീതി ഹാജി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ അബ്രിക്കോ ഫ്രെറ്റ് എഫ്.സി ജേതാക്കളായി. യു.എ.ഇയിലെ പ്രമുഖരായ 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനലിൽ നിശ്ചിത സമയത്തും കളി സമനിലയിൽ കലാശിച്ചതോടെ ഷൂട്ടൗട്ടിലൂടെയാണ് ബിൻ മൂസ ദേര എഫ്.സിയെ പരാജയപ്പെടുത്തി അബ്രിക്കോ ഫ്രൈറ്റ് എഫ്.സി ജേതാക്കളായത്. ദുബൈ ഖിസൈസ് സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ മൈതാനത്ത് നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി നിർവഹിച്ചു.
യു.എ.ഇ കെ.എം.സി.സി കേന്ദ്ര ട്രഷറർ നിസാർ തളങ്കര മുഖ്യാതിഥിയായി. ജേതാക്കൾക്കുള്ള ട്രോഫി ഷാർജ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, ചാമ്പ്യന്മാർക്കുള്ള പ്രൈസ് മണി ഈസ അനീസ്, മറ്റ് ട്രോഫികൾ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഹംസ തിരുനാവായ, ജനറൽ സെക്രട്ടറി റിയാസ് നടക്കൽ എന്നിവരും വിതരണം ചെയ്തു. മലപ്പുറം ജില്ല സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ തൂമ്പൻ, കൺവീനർ ഫർഷാദ് ഒതുക്കുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ല ഭാരവാഹികളായ സി.സി മൊയ്തു, ഷറഫുദ്ദീൻ കൽപകഞ്ചേരി, അബ്ദുസ്സലാം പി.ടി, ഹക്കീം കരുവാടി, ശംഹാദ് പാലപ്പെട്ടി, കുഞ്ഞുമുഹമ്മദ്, ഷബീർ, അഷ്റഫ് വെട്ടം എന്നിവർ നിയന്ത്രിച്ചു.

