ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിന് തുടക്കം
text_fieldsഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിൽ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ
ഖാസിമിയും മറ്റ് അതിഥികളും
ഷാർജ: 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 15ാമത് അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിന് എക്സ്പോ സെന്ററിൽ തുടക്കം. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 116 രാജ്യങ്ങളിൽനിന്നായി 1258 പ്രസാധകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
സമ്മേളനത്തിലൂടെ പ്രസാധകർ തമ്മിൽ ബന്ധങ്ങൾ രൂപപ്പെടുത്താനും എഴുത്തുകാരെ ശാക്തീകരിക്കാനും ഈ മേഖലയുടെ ഭാവിയെ കൂടുതൽ കരുത്തുറ്റതാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ശൈഖ ബുദൂർ പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹ്മദ് അൽ അമീരി, ഇന്റർനാഷനൽ പബ്ലിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗൻത്സ ജൊബാവ തുടങ്ങി പ്രമുഖർ സന്നിഹിതരായിരുന്നു.
ഉദ്ഘാടന ദിനത്തിൽ പ്രസാധക രംഗം നേരിടുന്ന വെല്ലുവിളികളും പരിഹാര നിർദേശങ്ങളും വിവരിക്കുന്ന 31 ശിൽപശാലകളും പ്രമുഖർ പങ്കെടുത്ത സെഷനുകളും അരങ്ങേറി. ആഗോള പുസ്തക പ്രസാധന മേഖലയിലെ ഡിജിറ്റൽ പരിവർത്തനമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. നിർമിത ബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകൾ എഡിറ്റിങ്, തർജമ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും ചർച്ചയായി.
ഓഡിയോ ബുക്കുകളുടെയും ഡിജിറ്റൽ പ്രസിദ്ധീകരണത്തിന്റെയും ഭാവി, സുസ്ഥിരമായ അച്ചടി രീതികൾ, ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കാവുന്ന പ്രസിദ്ധീകരണ സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള സുപ്രധാന സംഭാഷണങ്ങളും സമ്മേളനത്തിൽ നടന്നു. അടുത്ത രണ്ടു ദിവസങ്ങളിൽ പ്രസാധകരുടെയും സാഹിത്യ ഏജന്റുമാരുടെയും സഹകരണം സുഗമമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള പ്രത്യേക മാച്ച് മേക്കിങ് സെഷനുകൾക്കൊപ്പം, വിവർത്തനം, പ്രസിദ്ധീകരണം, വിതരണ അവകാശങ്ങൾ എന്നിവയുടെ വിൽപനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മീറ്റിങ്ങുകളും പ്രസാധക സമ്മേളനത്തിൽ നടക്കും.
അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 5നാണ് ആരംഭിക്കുന്നത്. 16 വരെ നീളുന്ന മേളയിൽ വിവിധ രാജ്യങ്ങളിലെ സാഹിത്യപ്രതിഭകളായ നിരവധിപേർ അതിഥികളായെത്തുന്നുണ്ട്. കവി സച്ചിദാനന്ദൻ അടക്കം മലയാളത്തിൽനിന്നും പ്രമുഖരെത്തുന്നുണ്ട്. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്ന തലക്കെട്ടിലാണ് ഇത്തവണ മേള ഒരുക്കുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ടെന്നും ഗ്രീസാണ് ഇത്തവണ അതിഥി രാജ്യമെന്നും ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

