Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്ഷരഖനിയുണർന്നു; ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢഗംഭീര തുടക്കം

text_fields
bookmark_border
അക്ഷരഖനിയുണർന്നു; ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢഗംഭീര തുടക്കം
cancel
camera_alt

45 -ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഉദ്ഘാടനം ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിക്കുന്നു

ഷാർജ: അറിവിന്‍റെ അക്ഷയഖനികളിലേക്ക് അക്ഷരങ്ങൾ വഴികാട്ടുന്ന ലോകോത്തര ഉത്സവത്തിന് ഷാർജയുടെ പ്രൗഢ വേദിയിൽ തുടക്കമായി. കോർണിഷിന്‍റെ തീരത്ത് വിജ്ഞാനത്തിന്‍റെറെ മഹാസാഗരമൊരുക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. ഡിജിറ്റൽ കാഴ്ചകളുടെ ആധുനിക യുഗത്തിലും ലോകം പുസ്തകങ്ങളെ പ്രണയിക്കുന്നതിന്‍റെ മനോഹര സാക്ഷ്യമൊരുക്കുന്ന 45 -ാമത് പുസ്തകോത്സവത്തിന്‍റെ ഉദ്ഘാടനം ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. 12 ദിവസം നീളുന്ന മേള ഈ മാസം 15 ന് സമാപിക്കും.

ഉദ്ഘാടന പ്രസംഗത്തിൽ ഷാർജ ഭരണാധികാരി ലോകമെമ്പാടുമുള്ള അതിഥികളെ സ്വാഗതം ചെയ്തു. ഇത്തവണത്തെ വിശിഷ്ടാതിഥി രാജ്യമായായ ഒമാന് പ്രത്യേക ആദരം അർപ്പിക്കുകയും ചെയ്തു. സംസ്കാരം, അറിവ്, പുസ്തകങ്ങൾ എന്നിവയോടുള്ള ഷാർജയുടെ ദീർഘകാല പ്രതിബദ്ധത അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യത്തെ മാനവ വികസനത്തിന്‍റെ തറക്കല്ലായും ജനങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സുപ്രധാന കണ്ണിയായും അദ്ദേഹം വിശേഷിപ്പിച്ചു.

‘ഹാറൂൺ അൽ റഷീദ് അവാർഡ്’ പ്രഖ്യാപിച്ചു

അറബിക് വിജ്ഞാനത്തിനും സംസ്കാരത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച്, നാല് പ്രമുഖ പണ്ഡിതന്മാർ, ഗവേഷകർ, സർഗാത്മക വ്യക്തിത്വങ്ങൾ എന്നിവർക്ക് പ്രതിവർഷം നൽകുന്നതിനായി ‘ശാസ്ത്രം, സാഹിത്യം, കല, വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവക്കുള്ള ഹാറൂൺ അൽ റഷീദ് അവാർഡ്’ എന്ന പേരിൽ പുതിയൊരു അന്താരാഷ്ട്ര പുരസ്കാരം ഏർപ്പെടുത്തുന്നതായി ഭരണാധികാരി പ്രഖ്യാപിച്ചു. ‘അറബ് ചരിത്രത്തിന്‍റെ പശ്ചാത്തലത്തിൽ ഈ പുരസ്കാരത്തിന് എന്ത് പേര് നൽകണം എന്ന് ഞാൻ ഏറെ ചിന്തിച്ചു. ഒടുവിൽ എല്ലാവർക്കും സമ്മതമാകുന്ന ഒരു പേര് ഉറപ്പിച്ചു. ഹിജ്റ രണ്ടാം നൂറ്റാണ്ട് മുതൽ ഇന്നുവരെ നമ്മോടൊപ്പം നിലനിൽക്കുന്നതും, ശാസ്ത്രം, സാഹിത്യം, കല എന്നിവയുടെ പുരോഗതിക്ക് വൻ സേവനം ചെയ്യുകയും ചെയ്ത ഒരു മഹദ് വ്യക്തിയുടെ പേര്. അതിനാൽ ഹാറൂൺ അൽ റഷീദ് അവാർഡ് പ്രഖ്യാപിക്കുന്നതിൽ വലിയ സന്തോഷമുണ്ട്’ - ഷാർജ ഭരണാധികാരി പറഞ്ഞു.

ചില ചരിത്രകാരന്മാർ നീതികേടും പക്ഷപാതിത്വവും കാണിച്ച അപൂർവ വ്യക്തിത്വമായിരുന്നു ഹാറൂൺ അൽ റഷീദ് എന്നും ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് അർഹമായ പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ശൈഖ് ഡോ. സുൽത്താൻ അൽ ഖാസിമി കൂട്ടിച്ചേർത്തു. മേള സംഘടിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും മേളയിൽ പങ്കെടുക്കുന്നവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

അച്ചടി, ഡിജിറ്റൽ രൂപങ്ങളിൽ ലഭ്യമാകുന്ന പ്രധാന അറബ് വിജ്ഞാന സ്രോതസ്സായി മാറുംവിധം തയാറാക്കുന്ന സമഗ്ര അറബിക് വിജ്ഞാനകോശത്തിന്‍റെ ആദ്യ 143 വോള്യങ്ങൾ പുറത്തിറക്കുന്നതായി ശൈഖ് ഡോ. സുൽത്താൻ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 1,500-ലധികം വിദഗ്ധർ പങ്കാളികളാകുന്ന ഈ പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശൈഖ് ഡോ. സുൽത്താൻ അൽ ഖാസിമിയും ശൈഖ ബുദൂർ അൽ ഖാസിമിയും ചേർന്ന് മൊറോക്കൻ പണ്ഡിതനായ ഡോ. സഈദ് യക്തീനെ ഇത്തവണത്തെ ‘കലാസാംസ്കാരിക വ്യക്തിത്വം’ ആയി ആദരിച്ചു. ഷാർജ ഭരണാധികാരിയിൽ നിന്ന് ലഭിച്ച ഈ ആദരം തനിക്ക് ഏറെ സവിശേഷപ്പെട്ടതാണെന്നും അറബി ഭാഷക്കും സംസ്കാരത്തിനുമായി താൻ നൽകിയ 50 വർഷത്തെ സേവനത്തിനുള്ള അംഗീകാരമാണിതെന്നും ഡോ. സഈദ് യക്തീൻ പ്രതികരിച്ചു.

ഐ.പി.എച്ച്​ പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ബുധനാഴ്ച ഷാർജ അ​ന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്​സ്​ ഫോറം ഹാളിൽ നടന്നപ്പോൾ

കൂടാതെ, ആയിരത്തൊന്നു രാവുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത കഥകൾ കറ്റാലൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതിന് കറ്റാലൻ പ്രസാധകശാലയായ കർവാന് 2026-ലെ ‘തുർജുമാൻ അവാർഡ്’ സമ്മാനിച്ചു. വിവർത്തക മാർഗരിറ്റ കാസ്റ്റെൽസ് ക്രിബല്ലെസ് തയാറാക്കിയ ഈ വിവർത്തനത്തിന് നൽകിയ പുരസ്കാരം, ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവർത്തന പുരസ്കാരങ്ങളിലൊന്നാണ്. 14 ലക്ഷം ദിർഹമാണ് സമ്മാനത്തുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharjah International Book Festival
Next Story