ഷാർജ പുസ്തകോത്സവം; ഇന്ത്യൻ, പോർചുഗീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ഷാർജ ഭരണാധികാരി
text_fieldsപ്രതിനിധി സംഘത്തോടൊപ്പം ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ്
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ത്യ, പോർചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള പുരാരേഖ വിഭാഗത്തിലെ പണ്ഡിതരുടെയും വിദഗ്ധരുടെയും സംഘത്തെ സ്വീകരിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഗോവ ഗവൺമെന്‍റ് ആർക്കൈവ്സ് വിഭാഗം ഡയറക്ടർ ഡോ. ബാലാജി ഷിനോയ്, പോർചുഗീസ് നാഷനൽ ആർക്കൈവ്സ് ഡയറക്ടർ ജനറൽ ഡോ. ലൂയിസ് ഫിലിപ്പ് സാന്‍റോസ്, കോയിമ്ബ്ര സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് ഡീൻ ഡോ. അൽബാനോ ഫിഗ്യൂറെദൊ, ഡോ. ജോസ് പെഡ്രോ ഡി മറ്റോസ് പൈവ, പുരാവസ്തു വിദഗ്ധൻ ഡോ. റൂയി കരീന എന്നിവരടങ്ങിയ സംഘമാണ് ഷാർജ ഭരണാധികാരിയെ സന്ദർശിച്ചത്.
ഒരേസമയം 12 പുസ്തകങ്ങളുടെ പ്രകാശനം
കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഷാർജ പുസ്തകമേളയിൽ 12 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. വേദസാരം, മുസ്ലിം സ്പെയിൻ നാഗരികത സംസ്കാരം, ഇസ്ലാമോഫോബിയ റിപ്പോർട്ട് 2025, കോഴിക്കോട് മുസ്ലികൾ തുടങ്ങിയ രചനകൾ ഇക്കൂട്ടത്തിലുണ്ട്.ഡോ. അഹമ്മദ്, എം.എം. അക്ബർ, വൈ.എ. റഹീം, എം.സി.എ. നാസർ, എ. റശീദുദ്ദീൻ, മുൻസിർ, അഡ്വ. അസ്ലം, ഡോ. യൂസുഫ് നദ് വി തുടങ്ങിയവർ പ്രകാശനം നിർവഹിച്ചു.
‘കനലിലെ കനിവാഴങ്ങൾ’: ഷൈമയുടെ അതിജീവനക്കുറിപ്പുകൾ
അർബുദത്തെ പൊരുതിത്തോൽപിച്ച നാളുകളെ കവിതയായും അനുഭവക്കുറിപ്പായും വായനക്കാരിലെത്തിക്കുകയാണ് കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ ഷൈമ മാടത്തിങ്ങൽ. ചെറുവാടി ജി.എച്ച്.എസ്.എസ് അധ്യാപികയായ ഷൈമ ‘കനലിലെ കനിവാഴങ്ങൾ’ എന്ന രചനയുമാണ് ഷാർജ പുസ്തകമേളയിലെത്തിയത്. 25 കവിതകളും, 18 അനുഭവക്കുറിപ്പുകളുമാണ് പുസ്തകത്തിലുള്ളത്.
മേള കണ്ട് പുസ്തകമെഴുതി സമാഹ്
അന്താരാഷ്ട്ര പുസ്തകമേള കണ്ട് പുസ്തകം എഴുതണമെന്ന് ആഗ്രഹിച്ച പ്രവാസിയാണ് അബൂദബിയിൽ പ്രവാസിയായ സമാഹ്. ‘വിദ ഫെലിസ്’ എന്ന പുസ്തകവുമായാണ് കണ്ണൂർ പെരുങ്ങത്തൂർ സ്വദേശിയായ സമാഹ് ഇത്തവണ മേളയിലെത്തുന്നത്. പുസ്തകം മലയാളത്തിലാണെങ്കിലും ഇതിന്‍റെ തലക്കെട്ട് ഫ്രഞ്ചിലാണ്.
ഓഹരി വിറ്റാണ് പുതിയ പുസ്തകം ഇറക്കുന്നതെന്ന് ഷാർജ ഭരണാധികാരി; ഉയരുന്ന പ്രസാധക ചെലവിൽ ആശങ്ക
പുസ്തക പ്രസാധനരംഗത്തെ ഉയരുന്ന ചെലവുകളിൽ ആശങ്ക പ്രകടിപ്പിച്ച് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കൈയിൽ പണമില്ലാത്തതിനാൽ പുതിയ രചന പ്രസിദ്ധീകരിക്കാൻ ഓഹരികൾ വിറ്റഴിക്കേണ്ടി വന്നുവെന്ന് ഭരണാധികാരി വെളിപ്പെടുത്തി. പുതിയ ഗവേഷണ ഗ്രന്ഥത്തെ കുറിച്ച് നൽകിയ അഭിമുഖത്തിലാണ് ഡോ. ശൈഖ് സുൽത്താന്‍റെ വെളുപ്പെടുത്താൽ
സത്യമായും തന്‍റെ പക്കൽ പണമില്ലായിരുന്നു. പക്ഷേ, ദൈവം ഒരു വഴി തുറന്നുതന്നു. ഷാർജ സിമന്‍റ്സിലുണ്ടായിരുന്ന തന്‍റെ ഓഹരികൾ വിറ്റഴിച്ചാണ് പുതിയ വിജ്ഞാന കോശം പ്രസിദ്ധീകരിച്ചതെന്ന് വിശദീകരിക്കുകയാണ് ഷാർജ ഭരണാധികാരി.
1497 മുതൽ 1750 വരെ ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് സാന്നിധ്യത്തെ കുറിച്ച് താൻ തയാറാക്കിയ വിജ്ഞാനകോശത്തെക്കുറിച്ച അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചിൽ. ഇംഗ്ലീഷിലും അറബിയിലുമായി 61 വാള്യങ്ങളിലായാണ് ഈ വിജ്ഞാനകോശം പുറത്തിറങ്ങുന്നത്. ഇന്ത്യയിൽ പോർച്ചുഗീസുകാർക്കെതിരെ നടന്ന പോരാട്ടങ്ങൾ, ഇന്ത്യൻ സമുദ്രത്തിലെ പോർച്ചുഗീസ് അധികാരകേന്ദ്രങ്ങൾ തുടങ്ങി സൂക്ഷ്മവിവരങ്ങൾ അടങ്ങുന്ന ചരിത്ര ഗവേഷണ ഗ്രന്ഥമാണിത്.
1997 മുതൽ 2006 വരെ ഒമ്പത് വർഷം രേഖകൾ ശേഖരിക്കാൻ നടത്തിയ പരിശ്രമത്തെ കുറിച്ചും ഈ പദ്ധതിയുടെ അവസാനഘട്ടം വരെ രേഖകൾ നൽകിയ ഫിയോണ എന്ന വനിതയുടെ അപ്രതീക്ഷിത വിയോഗം എന്നിവയും ഭരണാധികാരി ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ചരിത്ര ഗവേഷകർ വിവരശേഖരത്തിനായി കൈയെഴുത്തു പ്രതികളെ ആശ്രയിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഡോ. ശൈഖ് സുൽത്താൻ വിശദീകരിച്ചു.

