പുസ്തക മഹോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും
text_fieldsഷാർജ പുസ്തകോത്സവത്തിലെ സന്ദർശകരുടെ തിരക്ക്
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സുനില്‍ കുളമുട്ടത്തിന്റെ ‘താഴേയ്ക്ക് ചെരിയുന്ന വരകള്‍’ രാധാകൃഷ്ണന് മച്ചിങ്ങല്‍ ഇസ്മായില്‍ മേലടിക്കു നല്കി പ്രകാശനം ചെയ്യുന്നു
പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി
ഷാർജ: യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനത്തെ ലോക ഭൂപടത്തിൽ സുവർണ ലിപികളാൽ അടയാളപ്പെടുത്തിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്ന തലക്കെട്ടിൽ നവംബർ അഞ്ചിന് ആരംഭിച്ച പുസ്തകോത്സവത്തിൽ പ്രകാശിതമായത് മലയാളികൾ ഉൾപ്പെടെ അനേകം യുവ സാഹിത്യ പ്രതിഭകളുടെ പുസ്തകങ്ങൾ. 12 ദിവസങ്ങളിലായി പതിനായിരക്കണക്കിന് സന്ദർശകർ മേളയുടെ ഭാഗമായി. കവി സച്ചിദാനന്ദൻ ഉൾപ്പെടെ മലയാളത്തിൽനിന്ന് പ്രമുഖർ അതിഥികളായെത്തി. ഹോളിവുഡ് നടൻ വിൽസ്മിതിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. ഗ്രീസായിരുന്നു ഇത്തവണ അതിഥി രാജ്യം.
കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുത്തു. പ്രമുഖ നൈജീരിയൻ എഴുത്തുകാരി ചിമമന്ദ എൻഗോസി അഡീചീ, ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ റോവല്ലി, ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്മിത്ത് എന്നിവരടക്കം പ്രമുഖർ പല ദിവസങ്ങളിലായി വായനക്കാരുമായി സംവദിച്ചു. 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകരാണ് മേളയിൽ പ്രദർശനത്തിന് എത്തിയത്.
പ്രസാധകർക്ക് പിന്തുണയർപ്പിച്ച് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹമിന്റെ പുസ്തകങ്ങൾ വാങ്ങാൻ യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടിരുന്നു. 66 രാജ്യങ്ങളിൽനിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറി. ഇതിൽ 300 സാംസ്കാരിക പരിപാടികളും 750 കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും.
‘കാരീഡ് വിത്ത് കൈൻഡ്നസ്’
ഷാർജ: നൂറ നുജും നിയാസ് രചിച്ച ഏറ്റവും പുതിയ കവിതാസമാഹാരമായ ‘കാരീഡ് വിത്ത് കൈൻഡ്നസ്’ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. എസ്.ഐ.ബി.എഫിന്റെ പ്രത്യേക അതിഥിയായ ഡോ. മൗധി അൽ റാഷിദ്ക്ക് ഡോ. കാത്ലീൻ ബെൽ പുസ്തകം സമർപ്പിച്ചു.
പ്രമുഖ അറബ് കവയിത്രി ഫറഹ് ചമ്മ ആശംസ നേർന്നു. കവയിത്രി, സംഗീതജ്ഞ, മ്യൂസിക്കൽ തിയറ്റർ വിദ്യാർഥിനി എന്നീ നിലകളിൽ നൂറ നുജും നിയാസിന്റെ സൃഷ്ടിപരമായ യാത്രയിൽ ‘കാരീഡ് വിത്ത് കൈൻഡ്നസ്’ ഒരു പ്രധാന നേട്ടമായി മാറും. കരുണ, ഓർമ, സഹാനുഭൂതി, മാനവികത എന്നീ മൂല്യങ്ങൾ ഈ സമാഹാരത്തിന്റെ വിഷയങ്ങളാണ്.
നൂറ നുജും നിയാസ് രചിച്ച ഏറ്റവും പുതിയ കവിതാസമാഹാരമായ ‘കാരീഡ് വിത്ത് കൈൻഡ്നസ്’ പുസ്തകം പ്രകാശനം ചെയ്യുന്നു
സുഡാനി പ്രസാധകരെ ഫീസിൽനിന്ന് ഒഴിവാക്കി
ഷാർജ: ആഭ്യന്തര സംഘർഷത്തെതുടർന്ന് പ്രയാസം നേരിടുന്ന സുഡാനിൽനിന്നുള്ള പുസ്തക പ്രസാധകരെ 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള ഫീസിൽനിന്ന് ഒഴിവാക്കും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഷാർജ മീഡിയ ഓഫിസ് റിപ്പോർട്ട് ചെയ്തു.
ഷാർജ ബുക് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ ഇടപെടലുകളും പുതിയ തീരുമാനത്തിന് പിന്തുണയായി. സാഹചര്യങ്ങൾ എത്ര ദുഷ്കരമാണെങ്കിലും അറിവിന്റെ സൃഷ്ടി ഒരിക്കലും നിലക്കരുതെന്ന് ശൈഖ ബുദൂർ പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങൾ നേടിരുന്ന അറബ് പ്രസാധകരെ പിന്തുണക്കുകയെന്നത് അറബ് രാജ്യങ്ങളോടുള്ള ഷാർജയുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
അറബ് സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ് സുഡാനി സംസ്കാരമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുതിയ തീരുമാനത്തിലൂടെ അറബ് ബുക് ഫെയറുകളിൽ സജീവമായ സാന്നിധ്യം വർധിപ്പിക്കാനും അവരുടെ ദൗത്യം തുടരാനുമുള്ള വലിയ ഇടം നൽകുകയെന്നതാണ് ആഗ്രഹിക്കുന്നത്. അറബ് പൈതൃകത്തെ സംരക്ഷിക്കുകയും സഹോദരി രാജ്യങ്ങളിൽനിന്നുള്ള സ്രഷ്ടാക്കളെ ശാക്തീകരിക്കുകയും ചെയ്യുകയെന്നത് ഷാർജയുടെ ഉത്തരവാദിത്തമാണ്. ജനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രദേശത്തെ സാംസ്കാരിക സ്വത്വം ശക്തിപ്പെടുത്തുന്നതിനും പുസ്തകങ്ങൾ ഒരു പാലമായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. 12 ദിവസത്തെ മേളക്ക് ഞായറാഴ്ച സമാപനമാകും.
‘സ്നേഹത്തിന്റെ ഹൃദയവഴികൾ’
ഷാർജ: ഡോ. നാസർ വാണിയമ്പലം രചിച്ച ‘സ്നേഹത്തിന്റെ ഹൃദയവഴികൾ’ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഇമാറാത്തി എഴുത്തുകാരൻ അഹ്മദ് ഇബ്രാഹീം റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ ബിൻ മോഹിയുദ്ദീന്‍ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഷാർജ ഇസ്ലാമിക് ഡിപ്പാർട്മെന്റിന്റെ തലവൻ ശൈഖ് അബ്ദുല്ല മുഹമ്മദ് അൽ ഖാസിമി, ഡോ. കെ.കെ.എൻ കുറുപ്പ്, ഹാഷിം നൂഞ്ഞേരി, നിസാർ തളങ്കര, വി.ടി സലീം, സി.എം.എ കബീർ മാസ്റ്റർ, കെ.എം അബ്ബാസ്, ലിപി അക്ബർ, ഹൈദ്രോസ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ഹാനി ഹാദി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.
ഡോ. നാസർ വാണിയമ്പലം രചിച്ച ‘സ്നേഹത്തിന്റെ ഹൃദയവഴികൾ’ ഇമാറാത്തി എഴുത്തുകാരൻ അഹ്മദ് ഇബ്രാഹീം റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ ബിൻ മോഹിയുദ്ദീന്‍ നൽകി പ്രകാശനം ചെയ്യുന്നു
‘ഷാർജ - ദി കാപ്പിറ്റൽ ഓഫ് കൾചർ’
ഷാർജ: ഷാർജയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും സാംസ്കാരിക ഇടപെടലുകളെക്കുറിച്ചും പറയുന്ന പുതിയ പുസ്തകം ‘ഷാർജ- ദി കാപ്പിറ്റൽ ഓഫ് കൾചർ’ പ്രകാശിതമായി. ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ശൈഖ ബുദൂർ ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുസ്തകം അനാവരണം ചെയ്യപ്പെട്ടത്. ഹാർട്ട് ഓഫ് ഷാർജ, ഹൗസ് ഓഫ് വിസ്ഡം, ഷാർജ മോസ്ക്, മെലീഹ നാഷനൽ പാർക്ക് എന്നീ പ്രധാനകേന്ദ്രങ്ങളും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച ഫായ പാലിയോലാൻഡ്സ്കേപുമെല്ലാം പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു. ഷാർജ രാജ്യാന്തര പുസ്തകമേള, ഷാർജ ബിനാലെ, പബ്ലിഷിങ് സിറ്റി, എമിറേറ്റ്സ് ആർട്സ് ഫൗണ്ടേഷൻ, മറ്റ് കലാസാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചും പുസ്തകത്തിൽ വായിക്കാം.
‘ഷാർജ- ദി കാപ്പിറ്റൽ ഓഫ് കൾചർ’ പ്രകാശനം ചെയ്യുന്നു
‘ആമസോണ്‍ പുത്രിയല്ല ഇഗ്വാസു എന്ന് മാച്ചുപിക്ച്ചു’
ഷാര്‍ജ: രാജ്യാന്തര പുസ്തകമേളയില്‍ ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഡോ. ഗ്ലോറി മാത്യു അയ്മനത്തിന്റെ ‘ആമസോണ്‍ പുത്രിയല്ല ഇഗ്വാസു എന്ന് മാച്ചുപിക്ച്ചു’ എന്ന സഞ്ചാര സാഹിത്യ പുസ്തകം മാധ്യമ പ്രവര്ത്തകന് എം.സി.എ. നാസര്‍ കവിയും വാഗ്മിയുമായ ശിവപ്രസാദിനു നല്കി പ്രകാശനം ചെയ്തു.
ഡോ. ഗ്ലോറി മാത്യു അയ്മനത്തിന്റെ ‘ആമസോണ്‍ പുത്രിയല്ല ഇഗ്വാസു എന്ന് മാച്ചുപിക്ച്ചു’ എന്ന സഞ്ചാര സാഹിത്യ പുസ്തകം എം.സി.എ. നാസര്‍ ശിവപ്രസാദിനു നല്കി പ്രകാശനം ചെയ്യുന്നു
ലിപി അക്ബര്‍, ഇസ്മയില്‍ മേലടി, സുനില്‍ കുളമുട്ടം, ചിത്രകാരിയും നര്‍ത്തകിയുമായ ദിവ്യ ഹരികിഷോര്‍, ഗഫ്സല് അഹമ്മദ് ലിപി, എം.എ സുഹൈല്‍, ടി.കെ. അബ്ദുല്‍ ഹമീദ്, സജീദ് ഖാന് എന്നിവര്‍ സംബന്ധിച്ചു. രാധാകൃഷ്ണന് മച്ചിങ്ങല്‍ പുസ്തകം പരിചയപ്പെടുത്തി.
‘സോയിൽട്ട് സൺഫ്ലവേഴ്സ്’
ഷാർജ: ഷാർജ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ (ബോയ്സ്) 12ാം ക്ലാസ് വിദ്യാർഥി ശ്രീപത്മനാഭൻ വിമലിന്റെ രണ്ടാമത്തെ പുസ്തകമായ ‘സോയിൽട്ട് സൺഫ്ലവേഴ്സ്’ കവിതാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
നവംബർ 15ന് രാവിലെ 11.30ന് റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീവത്സൻ മുരുഗൻ പ്രകാശനം നിർവഹിച്ചു. ആദ്യപ്രതി ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഏറ്റുവാങ്ങി. എഴുത്തുകാരനായ പി.കെ. അനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. അജിത് കണ്ടല്ലൂർ, ശ്രീകുമാരി ആന്റണി, ഷബീർ, അന്റോണിയ ഗോഡിൻഹോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
12ാം ക്ലാസ് വിദ്യാർഥി ശ്രീപത്മനാഭൻ വിമലിന്റെ ‘സോയിൽട്ട് സൺഫ്ലവേഴ്സ്’ കവിതാസമാഹാരം സ്കൂൾ പ്രിൻസിപ്പൽ ശ്രീവത്സൻ മുരുഗൻ പ്രകാശനം ചെയ്യുന്നു
‘സ്വഹീഹുൽബുഖാരിയുടെ മലയാളം പരിഭാഷ ’
ഷാർജ: മുസ്ലിം ലോകത്ത് ഏറ്റവും സ്വീകാര്യമായ ഹദീസ് ഗ്രന്ഥം സഹീഹുൽ ബുഖാരിയുടെ സമ്പൂർണ മലയാള പരിഭാഷയും വ്യാഖ്യാനവും (ഒന്നാം വാല്യം) പ്രകാശനം ചെയ്തു. എ. അബ്ദുസ്സലാം സുല്ലമിയാണ് പരിഭാഷകൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ സുല്ലമിയുടെ ജീവിതപങ്കാളിയും പ്രഭാഷകയും എഴുത്തുകാരിയുമായ അസ്മ അൻവാരിയ എം.ജി.എം കേരള സ്റ്റേറ്റ് സെക്രട്ടറി റാഫിദ ചങ്ങരംകുളത്തിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ കോന്നിയൂർ രാഘവൻ നായർ രചിച്ച വിശുദ്ധ ഖുർആന്റെ മലയാളത്തിലുള്ള സമ്പൂർണ പദ്യാവിഷ്കാരം ദിവ്യദീപ്തി പ്രമുഖ മാപ്പിളപാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഷമീർ ഷർവാണിക്കു നൽകി പ്രകാശനം ചെയ്തു.
‘സ്വഹീഹുൽ ബുഖാരിയുടെ മലയാളം പരിഭാഷ’ അസ്മ അൻവാരിയ എം.ജി.എം കേരള സ്റ്റേറ്റ് സെക്രട്ടറി റാഫിദ ചങ്ങരംകുളത്തിനു നൽകി പ്രകാശനം ചെയ്യുന്നു
നവോത്ഥാന പ്രസ്ഥാനത്തിന്റെ മൺമറഞ്ഞ പണ്ഡിതന്മാരെയും നേതാക്കളെയും അടുത്തറിയാനുപകരിക്കുന്ന ഹാറൂൻ കക്കാടിന്റെ ഓർമച്ചെപ്പ് പ്രകാശം പകർന്ന പ്രതിഭകൾ എന്ന പുസ്തകം പ്രതാപൻ തായാട്ട് ഡോ അൻവർ സാദത്തിനു നൽകി പ്രകാശനം ചെയ്തു. തടാകം കുഞ്ഞിമുഹമ്മദ് ഹാജി, എം.എം. അക്ബർ, മുഹ്സിൻ ബുകഫെ, പി.പി. ഖാലിദ്, മുജീബ് റഹ്മാൻ പാലത്തിങ്ങൽ, ഹാറൂൻ കക്കാട്, സി.പി. അബ്ദുസ്സമദ്, മുനീബ നജീബ് എന്നിവർ സംസാരിച്ചു.
‘താഴേയ്ക്ക് ചെരിയുന്ന വരകള്‍’
ഷാര്‍ജ: രാജ്യാന്തര പുസ്തക മേളയില്‍ സുനില്‍ കുളമുട്ടത്തിന്റെ ‘താഴേയ്ക്ക് ചെരിയുന്ന വരകള്‍’ എഴുത്തുകാരനും അവതാരകനുമായ രാധാകൃഷ്ണന് മച്ചിങ്ങല്‍ എഴുത്തുകാരൻ ഇസ്മായില്‍ മേലടിക്കു നല്കി പ്രകാശനം ചെയ്തു.
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സുനില്‍ കുളമുട്ടത്തിന്റെ ‘താഴേയ്ക്ക് ചെരിയുന്ന വരകള്‍’ രാധാകൃഷ്ണന് മച്ചിങ്ങല്‍ ഇസ്മായില്‍ മേലടിക്കു നല്കി പ്രകാശനം ചെയ്യുന്നു
പ്രസാധകന് ലിപി അക്ബര്‍, എം.സി.എ. നാസര്‍, ശിവപ്രസാദ്, ടി.കെ. അബ്ദുല്‍ ഹമീദ്, ഡോ. ഗ്ലോറി മാത്യു അയ്മനം, എം.എ. സുഹൈല്‍, ദിവ്യ ഹരി കിഷോർ, സജീദ്ഖാൻ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
‘വിപരീതങ്ങളുടെ വിസ്മയം’
ഷാർജ: പി. ഷബീദ രചിച്ച ‘വിപരീതങ്ങളുടെ വിസ്മയം’ എന്ന അനുഭവക്കുറിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഭിന്നശേഷിയുള്ള സന്താനങ്ങളുടെ പരിപാലനവും വെല്ലുവിളികളുമാണ് പുസ്തകത്തിന്റെ പ്രമേയം. മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസറിൽനിന്ന് സാബിറ ടീച്ചറും ബബിത ഷാജിയും പുസ്തകം ഏറ്റുവാങ്ങി.
ഇംഗ്ലീഷ് പരിഭാഷ കുവൈത്ത് എഴുത്തുകാരൻ അബൂ ബദറിൽനിന്ന് കവി പി. ശിവപ്രസാദ് സ്വീകരിച്ചു. ഇസ്മായിൽ മേലടി പുസ്തക പരിചയം നടത്തി. സലിം അയ്യനത്ത്, ഷരീഫ് കുന്നത്ത് എന്നിവർ ആശംസകൾ നേർന്നു. ഷാജി ഹനീഫ് നിയന്ത്രിച്ച ചടങ്ങിൽ ഷബീദ നന്ദി പറഞ്ഞു. ഗയ പുത്തകശാലയാണ് പ്രസാധകർ.
പി. ഷബീദ രചിച്ച ‘വിപരീതങ്ങളുടെ വിസ്മയം’ പ്രകാശനം ചെയ്യുന്നു
‘ഒറ്റമുറിയിലെ സൂര്യൻ’
ഷാർജ: ജ്യോതി ശ്രീനിവാസൻ എഴുതിയ ‘ഒറ്റമുറിയിലെ സൂര്യൻ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിലെ ഇന്ത്യൻ അസോസിയേഷൻ പവലിയനിൽ പ്രകാശനം ചെയ്തു. കൗമുദി ടി.വി മിഡിൽ ഈസ്റ്റ് ഹെഡ് ബിനു മനോഹർ ഡോ. ദേവി സുമക്ക് നൽകി പ്രകാശനം നിർവഹിച്ചു. പി.ആർ. പ്രകാശ്, തുളസി മണിയാർ, ഗഫൂർ പാലക്കാട്, സബിത ഷാജഹാൻ എന്നിവർ സംസാരിച്ചു.
ജ്യോതി ശ്രീനിവാസൻ എഴുതിയ ‘ഒറ്റമുറിയിലെ സൂര്യൻ’ കൗമുദി ടി.വി മിഡിൽ ഈസ്റ്റ് ഹെഡ് ബിനു മനോഹർ ഡോ. ദേവി സുമക്ക് നൽകി പ്രകാശനം ചെയ്യുന്നു
‘പ്രണയക്കനികൾ’
ഷാർജ: സബീഖ ഫൈസലിന്റെ പ്രണയക്കനികൾ കവിതസമാഹാരം ഷാർജ പുസ്തകോത്സവത്തിൽ എഴുത്തുകാരനായ ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു. എഴുത്തുകാരി ആശത്ത് മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും നിരൂപകനുമായ പവിത്രൻ മാഷ് ആശംസകൾ അർപ്പിച്ചു. എഴുത്തുകാരിയായ അനുവന്ദന സ്വാഗതവും സബീഖ ഫൈസൽ മറുപടി പ്രസംഗവും നടത്തി. കൈരളി ബുക്സ് ആണ് പ്രസാധകർ.
സബീഖ ഫൈസലിന്റെ പ്രണയക്കനികൾ കവിതസമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

